ചണ്ഡീഗഡ്: (www.kvartha.com 16.02.2022) വാഹനാപകടത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധു മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക് ഇടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഹരിയാനയിലെ സോനിപതില്‍ കുണ്ടലി- മനേശ്വര്‍- പല്‍വാല്‍ എക്സ് പ്രസ് ഹൈവേയില്‍ രാത്രി 9.30 ന് ഉണ്ടായ അപകടത്തിലാണ് മരണം.
ഡെല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭടിന്‍ഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സിദ്ധു. കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
2021ലെ ചെങ്കോട്ടയിലെ അക്രമക്കേസില്‍ പ്രതിയാണ് ദീപ് സിദ്ധു. കര്‍ഷക പ്രക്ഷോഭത്തോട് അനുബന്ധിച്ച് റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് സിദ്ധുവായിരുന്നു. പ്രതിഷേധത്തിലുള്ള കര്‍ഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സിദ്ധുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു നടന്‍.