മലപ്പുറം: (www.kvartha.com 12.02.2022) മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി പൊലീസ്. ലഹരി വസ്തുക്കള്‍ പൊടിച്ച് പാക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപോര്‍ട്. ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി കുറ്റിപ്പുറം പൊലീസ് അറിയിച്ചു. ഫാക്ടറി സീല്‍ ചെയ്തു.
പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
ഫാക്ടറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്കെത്തിച്ച പുകയില നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.
നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മുന്‍പ് സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.