തിരുവനന്തപുരം: (www.kvartha.com 28.02.2022) ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളുന്നതോടെ ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് പൊതുപരീക്ഷ എഴുതേണ്ട മാനസിക സമ്മര്‍ദത്തില്‍ വിദ്യാര്‍ഥികള്‍. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന.
മാര്‍ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി എച് എസ് ഇ പരീക്ഷകള്‍ ഏപ്രില്‍ 22നും മാര്‍ച് 31ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്.
അധ്യാപകര്‍ പരീക്ഷ ഡ്യൂടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രില്‍ അവസാനം പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാകും.
നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസ് ബാചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോകസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം.
പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോകസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശുപാര്‍ശയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോകസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്പ് എസ് സി ഇ ആര്‍ ടി തയാറാക്കി നല്‍കിയിട്ടുണ്ട്.
മാര്‍ച് അവസാനംവരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മേയില്‍ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ആലോചന.
എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ക്ക് 60 ശതമാനം പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും ഇതില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോകസ് ഏരിയയും ചോദ്യപേപര്‍ പാറ്റേണും നിശ്ചയിച്ചത്. ഇതേരീതിയില്‍ തന്നെയാണ് പ്ലസ് വണ്‍ കരട് ഫോകസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.
ഇതോടെ ജൂണിലേക്ക് പരീക്ഷ നീളുന്നത് ഒരു അധ്യയന വര്‍ഷം രണ്ടു പൊതുപരീക്ഷ എഴുതേണ്ട സമ്മര്‍ദമായിരിക്കും കുട്ടികള്‍ക്കു മേല്‍ സൃഷ്ടിക്കുക.