വീടിന് മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കോവളം എം എല്‍ എയുടെ കാര്‍ അടിച്ചുതകര്‍ത്തു; ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുന്നു; അക്രമികളെ നിയന്ത്രിക്കാനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ശ്രമിക്കുന്നില്ല; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ്

 


തിരുവനന്തപുരം: (www.kvartha.com 28.02.2022) സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സതീശന്‍ ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

വീടിന് മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കോവളം എം എല്‍ എയുടെ കാര്‍ അടിച്ചുതകര്‍ത്തു; ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുന്നു; അക്രമികളെ നിയന്ത്രിക്കാനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ശ്രമിക്കുന്നില്ല; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ്

കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു എന്നതാണ് ശനിയാഴ്ചത്തെ 'ഒറ്റപ്പെട്ട സംഭവം' എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര ഹൃദയത്തില്‍ പട്ടാപ്പകല്‍ ഹോടല്‍ റിസപ്ഷനിസ്റ്റിനെ വാളുമായി എത്തിയ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളര്‍ന്നു കിടക്കുന്ന മാതാവിന്റെ മുന്നില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ അക്രമി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. പിടിക്കപ്പെട്ടപ്പോള്‍ ജയിലില്‍ നിന്നും പുറത്തുവന്നാല്‍ പെണ്‍കുട്ടിയെയും സാക്ഷിമൊഴി പറഞ്ഞവരെയും കൊല്ലുമെന്നും അയാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തില്‍ അക്രമികളെ നിയന്ത്രിക്കാനോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഒരു നടപടിയും സര്‍കാരോ ആഭ്യന്തര വകുപ്പോ സ്വീകരിക്കുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഇക്കാര്യം കഴിഞ്ഞ ദിവസവും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍ എല്ലാം ഭദ്രമാണെന്ന മറുപടി നല്‍കിയ മുഖ്യമന്ത്രി ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ അക്രമി- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി പി എം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി പി എം നേതാക്കളുടെയും സര്‍കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് അക്രമികളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്.

പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തില്‍ പാര്‍ടി ഇടപെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം എന്നും സതീശന്‍ ആവശ്യപ്പെട്ടു.

Keywords: Opposition leader urges CM to quit Home Ministry, Thiruvananthapuram, News, Allegation, Criticism, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia