വാരണാസി: (www.kvartha.com 07.02.2022) കോടികളുടെ കോവിഡ് വാക്‌സിന്‍ മരുന്നിന് പകരം കുപ്പികളില്‍ വെള്ളം നിറച്ച് വില്‍പന നടത്തിയ സംഘം പിടിയിലായതായി പൊലീസ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ഡെല്‍ഹി വഴി രാജ്യമാകെ വ്യാജ വാക്‌സിനുകളും മരുന്നും വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് നാല് കോടിയോളം വില വരുന്ന വ്യാജ കോവിഡ് വാക്‌സിനുകളും മരുന്നുകളും പരിശോധന കിറ്റുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്നുകളുമായി സംഘം പിടിയിലായത്. വാരണാസിയില്‍ വീട് വാടകയ്‌ക്കെടുത്താണ് സംഘം വ്യാജ വാക്‌സിനുകള്‍ ഉണ്ടാക്കിയിരുന്നത്. വാരണാസിയില്‍ നിന്ന് അഞ്ചു പേരും ഡെല്‍ഹിയില്‍ നിന്ന് ഒമ്പത് പേരുമാണ് പിടിയിലായത്. മരുന്നുകള്‍ പാക്ക് ചെയ്യാനുപയോഗിച്ച യന്ത്രങ്ങളും ഒഴിഞ്ഞ വാക്‌സിന്‍ കുപ്പികളും കോവിഡ് ചികിത്സക്ക് ഉപയോഗിച്ചിരുന്ന റംഡെസിവിറിന്റെ 1550 വയലുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു.
കോവിഷീല്‍ഡ്, സൈകോവ് ഡി വാക്‌സിനുകളുടെ വ്യാജങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒഴിഞ്ഞ കുപ്പികളില്‍ വെള്ളമാണ് നിറച്ചിരുന്നത്. സൈകോവ് ഡി വാക്‌സിനുകള്‍ ബിഹാറില്‍ വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത് ഫെബ്രുവരി രണ്ടിനാണ്. എന്നാല്‍, അതിന് മുമ്പ് തന്നെ അതിന്റെ വ്യാജം ഈ സംഘം വിപണിയിലെത്തിച്ചിരുന്നുവെന്നാണ് വിവരം.
വ്യാജ കോവിഡ് വാക്‌സിനുകള്‍ രാജ്യത്ത് പ്രചരിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അഞ്ച് എം എല്‍ വയലുകളായി പുറത്തിറക്കിയിരുന്ന കോവിഷീല്‍ഡിന്റെ രണ്ട് എം എല്‍ വയലുകള്‍ വിപണിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.