ഭുവനേശ്വര്‍: (www.kvartha.com 14.02.2022) ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സൈബര്‍ തട്ടിപ്പുകാരെ പേരെ കമീഷണറേറ്റ് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളും ഒഡീഷയില്‍ നിരവധി ആളുകളുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് അശാസ്ത്രീയമായി പണം പിന്‍വലിച്ച് കബളിപ്പിച്ചിട്ടുണ്ടെന്ന് ഡി സി പി ഉമാ ശങ്കര്‍ ദാസ് പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് അയച്ചു.
രാജ്യത്തെ ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ തലസ്ഥാനം എന്ന പേരിലാണ് ജാര്‍ഖണ്ഡിലെ ജാംതാര എന്ന നഗരം അറിയപ്പെടുന്നത്. അറസ്റ്റിലായ രണ്ട് പേരും ജാംതാര സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
eKYC അപ്‌ഡേറ്റിന്റെ പേരില്‍ ആളുകളെ കബളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അടുത്തിടെ സൈബര്‍ ഡെസ്‌കില്‍ ഒരു വൃദ്ധന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. പിന്നീട് പൊലീസ് സംഘം ജാര്‍ഖണ്ഡിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഏതാനും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ്‌ടോപുകള്‍, പണം എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഒഡീഷയ്ക്ക് പുറമെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ഇരുവരും ആളുകളെ പറ്റിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ജനുവരി 29 ന്, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി ആളുകളെ കബളിപ്പിച്ചതിന് മൂന്ന് യുവാക്കളെ ഒഡീഷ ക്രൈംബ്രാഞ്ച് ഭുവനേശ്വറില്‍ അറസ്റ്റ് ചെയ്തിരുന്നു. ജംതാര സംഘത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പ്രതികള്‍ 20 സംസ്ഥാനങ്ങളിലെ ആളുകളെ കബളിപ്പിച്ചിരുന്നു. മൂന്ന് പ്രതികളും 2021 ഡിസംബര്‍ 28 മുതല്‍ ഭുവനേശ്വറിലെ റസുല്‍ഗഢില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയും അവിടം കേന്ദ്രീകരിച്ച് സംഘം പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് ആരോപിച്ചു.