ന്യൂഡെല്‍ഹി: (www.kvartha.com 02.02.2022) സില്‍വെര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രസര്‍കാര്‍. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും സില്‍വെര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നും കേന്ദ്രം പാര്‍ലമെന്റില്‍ വ്യക്തമാക്കി.
പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പദ്ധതി റിപോര്‍ടില്‍ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപോര്‍ടും നല്‍കിയിട്ടില്ല.
ടെക്നികല്‍ ഫീസിബിലിറ്റി റിപോര്‍ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കാനാകൂ. അതിനാല്‍ പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഇടതു മുന്നണി സര്‍കാര്‍ നടപ്പാക്കുമെന്ന് പറഞ്ഞ സ്വപ്നപദ്ധതിയായ സില്‍വെര്‍ ലൈന്‍ അടക്കം സംസ്ഥാന സര്‍കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റില്‍ തള്ളിയിരുന്നു.