മുംബൈ: (www.kvartha.com 26.02.2022) 62 രൂപ അമിത ചാര്‍ജ് ഈടാക്കിയതിന് ടാക്സി സര്‍വീസ് ആപായ ഒലയില്‍ നിന്ന് യാത്രക്കാരന്‍ 15,000 രൂപ നഷ്ടപരിഹാരം ഈടാക്കി. മുംബൈയിലാണ് സംഭവം. അഭിഭാഷകനായ ശ്രേയന്‍സ് മമാനിയ (34) ആണ് നിയമ പോരാട്ടത്തിലൂടെ 15,000 രൂപ നഷ്ടപരിഹാരം വാങ്ങിയത്.
ശ്രേയന്‍സ് മമാനിയ കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് കുടുംബത്തോടൊപ്പം കാണ്ടിവ്‌ലിയില്‍ നിന്ന് കാലചൗകിയിലേക്ക് സവാരി നടത്തി. യാത്ര ബുക് ചെയ്തപ്പോള്‍ ആപില്‍ 372 രൂപയായിരുന്നു നിരക്ക്. എന്നിരുന്നാലും, മാമാനിയയും കുടുംബവും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ 434 രൂപയാണെന്ന് ഡ്രൈവര്‍ പറഞ്ഞു.
'യാത്രക്കൂലിയില്‍ 62 രൂപ അധികമായിരുന്നു അത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞാന്‍ ഡ്രൈവറോട് ചോദിച്ചു, അയാള്‍ പറഞ്ഞു, - ഇത്തരം കാര്യങ്ങള്‍ പതിവാണ്, എന്തിനാണ് നിങ്ങള്‍ അതില്‍ വലിയ പ്രശ്‌നം ഉണ്ടാക്കുന്നത്.- ഇത് എന്നെ പ്രകോപിപ്പിച്ചു. ഞാന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല, മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍, തന്റെ കയ്യില്‍ നിന്ന് പണം ഈടാക്കുമെന്ന് ഡ്രൈവര്‍ എന്നോട് പറഞ്ഞു'- എന്ന് മമാനിയ വ്യക്തമാക്കുന്നു.
'ഞാന്‍ 434 രൂപ നല്‍കി, പിന്നീട് ഒല കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. പ്രതികരണമുണ്ടായില്ല. ഒടുവില്‍, ഉപഭോക്തൃ ഫോറത്തെ സമീപിക്കാന്‍ തീരുമാനിച്ചു. വെറും 62 രൂപയ്ക്ക് ഉപഭോക്തൃ പരാതി ഫയല്‍ ചെയ്യുന്നത് എന്തിനാണെന്ന് എന്റെ വീട്ടുകാര്‍ ചോദിച്ചു. അതൊരു വലിയ കാര്യമല്ലെന്ന് പറഞ്ഞു'.
2021 ഓഗസ്റ്റ് 17-ന് പരാതി നല്‍കാന്‍ മമാനിയ തീരുമാനിച്ചു. ഫോറം സെപ്തംബര്‍ രണ്ടിന് അത് സ്വീകരിച്ചു. ഡിസംബര്‍ 16-ന് നടപടികള്‍ ആരംഭിച്ചു. നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയാണ് മാമാനിയ ആവശ്യപ്പെട്ടത്. എന്നാല്‍, അനുപാതം തെറ്റാണെന്ന് ഫോറം അറിയിച്ചു. നഷ്ടപരിഹാരത്തിന് മാമാനിയ ബാധ്യസ്ഥനാണെന്ന് ഫോറം സമ്മതിച്ചു.
ഒല 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്താന്‍ ചെലവായ 5,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം പണം നല്‍കണം. ഇത് വെറും 62 രൂപയാണെന്ന് പലരും പറയും. എന്നാല്‍ ഒല ഇത് മനസ്സിലാക്കി അവരുടെ സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തുന്നെന്ന് ഉറപ്പാക്കാന്‍ മാമാനിയ ആഗ്രഹിച്ചു.
'പ്രതിദിനം 100 ഉപഭോക്താക്കള്‍ക്ക് പോലും ഇത് സംഭവിക്കുകയാണെങ്കില്‍, ഒലയ്ക്ക് അതില്‍ നിന്ന് 5,000 രൂപ ലഭിക്കും. എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇതിനെതിരെ നമ്മള്‍ പോരാടണം,' അഭിഭാഷകന്‍ പറഞ്ഞു.