പാലക്കാട്: (www.kvartha.com 16.02.2022) അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ കേരള ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറായി (എസ്പിപി) സര്‍കാര്‍ നിയമിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റേതാണ് ഉത്തരവ്. പാലക്കാട് സ്വദേശി രാജേഷ് എം മേനോന്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍.
മധുവിന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും മരിച്ച മധുവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് എസ്പിപി സ്ഥാനത്തേക്ക് രണ്ട് പേരുടെയും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ തസ്തികയിലേക്ക് രണ്ട് പേരുടെയും പട്ടിക സര്‍കാരിന് നല്‍കിയിരുന്നു.
ഫെബ്രുവരി 18ന് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ കേസ് പരിഗണിക്കും. നാല് വര്‍ഷം മുമ്പ് നടന്ന മധുവിന്റെ ആള്‍ക്കൂട്ടക്കൊല കേസ് ഇഴഞ്ഞുനീങ്ങുന്നതില്‍ കുടുംബാംഗങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈകോടതിയുടെ ഇടപെടലില്‍ കേസിന്റെ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 18ലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ പി ഗോപിനാഥിനെ എസ്പിപിയായി നിയമിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം ചുമതലയേറ്റിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് വി ടി രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറായി നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹവും തനിക്ക് അനാരോഗ്യമുണ്ടെന്ന് കാണിച്ച് കേസില്‍ ഹാജരാകുന്നതില്‍ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഹിയറിംഗില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടറുടെ അസാന്നിധ്യത്തിനെതിരെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജി രംഗത്തെത്തിയിരുന്നു.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടക്കിക്ക് സമീപം അജുമുടി മലനിരകളിലെ പാറ ഗുഹയില്‍ കഴിഞ്ഞിരുന്ന മനോരോഗിയായിരുന്ന മധുവിനെ വലിച്ചിറക്കി നാല് കിലോമീറ്ററോളം നടന്ന് മുക്കാലിയിലേക്ക് കൊണ്ടുവന്ന് കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്.
കേസില്‍ 16 പ്രതികളാണുള്ളത്. ഇവര്‍ക്കെതിരെ കൊലക്കുറ്റവും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെല്ലാം തന്നെ ഇപ്പോള്‍ ജാമ്യത്തിലാണ്.
Keywords: Madhu lynching: New SPP appointed, Palakkad, News, Trending, Murder case, Family, Contempt of Court, Kerala.