തിരുവനന്തപുരം: (www.kvartha.com 15.02.2022) 40 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ആര്‍ട്‌സ് ക്ലബ് സെക്രടറി സ്ഥാനം കെ എസ് യുവിന്. കെ എസ് യു പാനലില്‍ ആര്‍ട്‌സ് ക്ലബ് സ്ഥാനത്തേക്ക് മത്സരിച്ച ഡെല്‍ന തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എസ് എഫ് ഐ സ്ഥാനാര്‍ഥിയുടെ പത്രിക അസാധുവായതോടെയാണ് കെ എസ് യുവിന് ആര്‍ട്‌സ് ക്ലബ് സെക്രടറി സ്ഥാനം ലഭിച്ചത്. എസ് എഫ് ഐ സ്ഥാനാര്‍ഥിയായിരുന്ന വിദ്യാര്‍ഥി, കോളജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു.
പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂനിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷമുണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യൂനിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഈ സാഹചര്യത്തില്‍ യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. വെള്ളിയാഴ്ചവരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോളേജില്‍ എസ് എഫ് ഐ അക്രമം അഴിച്ച് വിടുകയാണെന്ന് സംഭവത്തില്‍ കെ എസ് യു പ്രതികരിച്ചു.
ജനുവരി 25 നായിരുന്നു നേരത്തെ കോളജില്‍ വോടെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് കാരണം ഇത് മാറ്റിവച്ചു. ആര്‍ട്‌സ് ക്ലബ് സെക്രടറി സ്ഥാനത്തേക്ക് എസ് എഫ് ഐയുടെ അല്‍ അയ്‌ന ജാസ്മിനും കെ എസ് യുവിന്റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ഥികള്‍.
ഇതിനിടെ എസ് എഫ് ഐയുടെ അല്‍ അയ്‌നയ്ക്ക് കോട്ടയം മെഡികല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന്‍ കിട്ടി. ഫെബ്രുവരി ഏഴിന് ഇവര്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ടിസി വാങ്ങി കോട്ടയം മെഡികല്‍ കോളജില്‍ അഡ്മിഷനെടുത്തു. ഇക്കാര്യം കെ എസ് യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ് എഫ് ഐ സ്ഥാനാര്‍ഥിയുടെ പത്രിക അസാധുവാക്കുകയായിരുന്നു.