ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ രായദുര്‍ഗ സ്വദേശികളായ മുഹമ്മദ് ഗൗസ് (39), കൗസര്‍ എന്ന ഹീന (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 മേയ് 13നാണ് ഇവരുടെ ബന്ധുവായ വസീര്‍ പാഷയെ (35) ദമ്പതികള്‍ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2012ലാണ് പ്രതി മുഹമ്മദ് ഹീനയെ വിവാഹം കഴിച്ച് ആന്ധ്രാപ്രദേശില്‍ താമസമാക്കിയത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ബെന്‍ഗ്ലൂറിലെ ഹെഗ്ഗനഹള്ളിയിലെ ഗജാനന നഗറിലേക്ക് മാറി. വീട്ടില്‍ തന്നെ വസ്ത്രങ്ങള്‍ തൈക്കുന്ന ജോലിയില്‍ ഏര്‍പെട്ടു. സഹായത്തിന് ഭാര്യയും കൂടി. ഇങ്ങനെ തൈയ്ക്കുന്ന വസ്ത്രങ്ങള്‍ കടകളില്‍ വിതരണം ചെയ്താണ് ദമ്പതികള്‍ ജീവിച്ചിരുന്നത്.
ഇതിനിടെ കച്ചവടത്തില്‍ നഷ്ടമുണ്ടാവുകയും ഒരു മൗലവിയില്‍ നിന്ന് പണം കടം വാങ്ങുകയും ചെയ്തു. പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ ആന്ധ്രയിലേക്ക് നാടുവിട്ടു. എന്നാല്‍ പണം കടം കൊടുത്തവര്‍ മുഹമ്മദിന്റെ വസതിയിലെത്തി പണം തിരിച്ചടക്കാന്‍ ഹീനയെ നിര്‍ബന്ധിച്ചു. ഇതോടെ അയല്‍വാസിയും ബന്ധുവുമായ വസീര്‍ പാഷ സഹായത്തിനെത്തുകയും കടക്കാരുടെ കടം വീട്ടുകയും ചെയ്തു.
തുടര്‍ന്ന് ഹീനയും വസീറും പ്രണയത്തിലാകുകയും വിവാഹേതര ബന്ധത്തിലേര്‍പെടുകയും ചെയ്തു. ഇത് അറിയാനിടയായ ഹീനയുടെ ഭര്‍ത്താവ് മുഹമ്മദ് ബെന്‍ഗ്ലൂറില്‍ നിന്നെത്തുകയും വസീറുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞ് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തു. പിന്നീട് ഹീന വസീറുമായി അകലം പാലിച്ചു.
ഹീനയുടെ പെട്ടെന്നുള്ള അകല്‍ച്ചയില്‍ പ്രകോപിതനായ വസീര്‍ തന്റെ പണം തിരികെ ആവശ്യപ്പെടുകയും ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ വസീറിനെ കൊല്ലാന്‍ ഭര്‍ത്താവുമായി ഹീന ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി 2015 മെയ് 13 ന് ഉച്ചകഴിഞ്ഞ് വസിറിനെ ഹീന വീട്ടിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ഭര്‍ത്താവും ഹീനയും ചേര്‍ന്ന് വസിറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളുടെ മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ഹിന്ദുപുരിലെ കാവേറ്റിനഗെപള്ളിക്ക് സമീപമുള്ള അഴുക്കുചാലില്‍ തള്ളുകയായിരുന്നു. പ്രതികള്‍ അടുത്ത ദിവസം തന്നെ ആന്ധ്രാപ്രദേശിലേക്ക് കടന്നു.
അതിനിടെ, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി വസീര്‍ പാഷയുടെ ഭാര്യ ആഇശ ബെന്‍ഗ്ലൂറിലെ കാമാക്ഷിപാല്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭര്‍ത്താവിന്റെ തിരോധാനത്തിന് പിന്നില്‍ പ്രതികളുടെ പങ്ക് സംശയിച്ച് മറ്റൊരു പരാതിയും നല്‍കി.
തുടര്‍ന്ന് ഹീനയുടെ മുത്തച്ഛന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ ബെന്‍ഗ്ലൂറില്‍ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തില്‍ ദമ്പതികള്‍ കുറ്റം സമ്മതിച്ചിരുന്നു.
Keywords: Karnataka police arrest Andhra couple for murder after 7 years, Bangalore, News, Local News, Police, Arrested, Murder case, National.