Follow KVARTHA on Google news Follow Us!
ad

ഹിജാബ് വിവാദം: കര്‍ണാടകയിലെ പ്രീ യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഹൈകോടതിയില്‍ നിന്ന് വിധി വരുന്നത് വരെ പഠനം നടത്താനാവില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Religion,Education,Muslim,Kerala,Controversy,
കൊച്ചി: (www.kvartha.com 05.02.2022) ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ പ്രീ യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഹൈകോടതിയില്‍ നിന്ന് വിധി വരുന്നത് വരെ ഇനി കോളജിലെത്താനാവില്ല. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിഫോമിന്റെ കാര്യത്തില്‍ നിലവിലുള്ള നിബന്ധന തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  
Karnataka hijab row grows, high court to hear pleas, Kochi, News, Religion, Education, Muslim, Kerala, Controversy.


ഹൈകോടതി വിധി വന്നതിന് ശേഷം മാത്രമേ പി യു കോളജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ഹൈകോടതിയില്‍ നിന്നും വിധി വരാന്‍ വൈകുകയോ കേസ് ഇനിയും നീണ്ടുപോവുകയോ ചെയ്താല്‍ നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് കോളജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാവും.

കര്‍ണാടകയിലെ പി യു കോളജുകളില്‍ യൂനിഫോം സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഠനറിപോര്‍ട് സമര്‍പിക്കാനായി ഒരു സമിതിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിരുന്നു. സമിതി റിപോര്‍ട് തയാറാക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രീ യൂനിവേഴ്സിറ്റി വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇതിനിടെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും, ഒമര്‍ അബ്ദുല്ലയും കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതികരണവുമായെത്തിയിട്ടുണ്ട്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ഒമര്‍ അബ്ദുല്ല യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രഗ്യ സിംഗ് ഠാകൂറിനും കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ഹിജാബും ധരിക്കാമെന്നും തുറന്നടിച്ചു.

ഉഡുപ്പിയിലെ സര്‍കാര്‍ വനിതാ പ്രീ-യൂനിവേഴ്സിറ്റി കോളജ് പ്രിന്‍സിപല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവര്‍ക്ക് കോളജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ഥിനികളെ വിലക്കിയ കോളജിന്റെ നടപടി ജില്ലാകലക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂനിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Keywords: Karnataka hijab row grows, high court to hear pleas, Kochi, News, Religion, Education, Muslim, Kerala, Controversy.

Post a Comment