തിരുവനന്തപുരം: (www.kvartha.com 16.02.2022) മനസ്സര്‍പ്പിച്ച് വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവിയാണ് ആറ്റുകാലമ്മ. തന്നെ വിളിക്കുന്ന ഭക്തരെ അമ്മ ഒരിക്കലും കൈയൊഴിയില്ല മനസ്സറിഞ്ഞ് സഹായിക്കും. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അര്‍പിച്ചാല്‍ മതിയെന്നും വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ഒന്‍പതാം ഉത്സവ ദിവസമായ ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. 2022 ഫെബ്രുവരി ഒമ്പതിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 17 ന് രാവിലെ 10.50 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് നിവേദ്യം.
ആറ്റുകാല്‍ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കല്‍പിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങള്‍ മാതൃസങ്കല്‍പത്തിലാണ് ആരാധിക്കുന്നത്. മധുരയില്‍ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമര്‍പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാര്‍ത്തികയുമാണ് നോക്കുന്നത്.
സംസ്ഥാനത്തെ പല ദേവീക്ഷേത്രങ്ങളിലും പൊങ്കാല ഉത്സവം നടത്തിവരുന്നുണ്ടെങ്കിലും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നത് ആറ്റുകാല്‍ പൊങ്കാലയാണ്. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ജര്‍മനി, ഫ്രാന്‍സ്, അമേരിക എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ എത്താറുണ്ട്.
വിനോദസഞ്ചാരികളായി എത്തുന്ന വനിതകളും പൊങ്കാലയുടെ ഭാഗമാകുന്നു. പൊങ്കാല ദിവസം ക്ഷേത്ര പരിസരത്തിന് പുറമെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭക്തര്‍ പൊങ്കാല ഇടുന്നത്.
ലോകത്ത് ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ പൊങ്കാല ഗിന്നസ് ബുകിലും ഇടം നേടി. 2009 ലെ പൊങ്കാലയാണ് ഗിന്നസ് ബുകില്‍ ഇടം പിടിച്ചത്. അന്ന് 25 ലക്ഷം ഭക്തരാണ് പൊങ്കാല അര്‍പിക്കാനെത്തിയത്.
ഐതിഹ്യം
ആറ്റുകാല്‍ ക്ഷേത്രത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതില്‍ പ്രധാനപ്പെട്ട സംഭവം ഇതാണ്:
മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ ക്ഷേത്രത്തിനടുത്തുള്ള കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും ആറിനക്കരെ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ തോളിലിരുത്തി അക്കരെ എത്തിച്ചു. കുട്ടിയെ വീട്ടില്‍ താമസിപ്പിച്ച് ആഹാരം കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും പെട്ടെന്ന് അപ്രത്യക്ഷയായി.
അന്ന് രാത്രി സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ കണ്ട ബാലിക താനാണെന്ന് പറയുകയും ചെയ്തു. താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയും ചെയ്തു. അടുത്തദിവസം കാവിലെത്തിയ കാരണവരുടെ ശ്രദ്ധയില്‍ ശൂലം ഉപയോഗിച്ച അടയാളം പെട്ടു. അവിടെ അദ്ദേഹം ക്ഷേത്രം നിര്‍മിച്ചെന്നാണ് ഐതിഹ്യം.
താലപൊലിയും കുത്തിയോട്ടവും
പൊങ്കാലയോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളാണ് താലപ്പൊലിയും കുത്തിയോട്ടവും. കുത്തിയോട്ടത്തിന് പതിമൂന്ന് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിക്കൊപ്പം ഉണ്ടായിരുന്ന മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ടക്കാര്‍. ഏഴ് ദിവസത്തെ വ്രതമാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ എടുക്കേണ്ടത്. വ്രതം തുടങ്ങുന്നത് മുതല്‍ ഇവര്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?
പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതല്‍ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള ഒമ്പത് ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 7 ,5 ,3 ദിവസങ്ങള്‍ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമര്‍പിക്കുന്നത് പൊങ്കാലയെ കൂടുതല്‍ ദീപ്തമാക്കുന്നു എന്നാണ് വിശ്വാസം.
വ്രതം എങ്ങനെ വേണം?
വ്രതമെന്നാല്‍ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒന്‍പത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണം. സര്‍വ ദുരിതവും മാറ്റിതരണമേ, അനുഗ്രഹം ചൊരിയേണമേ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമേ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാര്‍ഥിക്കണം.
ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?
ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നാല്‍ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാല്‍ ഫലവര്‍ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാര്‍ഥങ്ങളും പൂര്‍ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്‌തോത്രനാമാദികള്‍ ചൊല്ലുകയും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.
ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാന്‍. മാസമുറയായ സ്ത്രീകള്‍ പൊങ്കാലയിടാന്‍ പാടില്ല. ഏഴു ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവര്‍ക്ക് പൊങ്കാല സമര്‍പിക്കാം. പുല, വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്, പ്രസവിച്ചവര്‍ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കില്‍ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.
വീട്ടില്‍ പൊങ്കാലയിട്ടാല്‍ ഫലമുണ്ടോ?
തീര്‍ച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കല്‍പിച്ചു പൊങ്കാലയിടാം.
Keywords: It is believed that offering Pongala to the mother for prosperity and good fortune will bring results, Thiruvananthapuram, News, Attukal Pongala, Religion, Trending, Kerala, Temple.