ബെംഗ്‌ളൂറു: (www.kvartha.com 12.02.2022) ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള താരലേലം പുരോഗമിക്കുന്നതിനിടെ ലേല നടപടികള്‍ നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണു. തുടര്‍ന്ന് ലേലം നിര്‍ത്തി വച്ചു. ഉച്ചഭക്ഷണത്തിനായി ലേലം നിറുത്തി വച്ചെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്.
ഹ്യൂ എഡ്മിഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്ന ആളാണ് ഹ്യൂ എഡ്മിഡ്‌സ്. ബെംഗ്‌ളൂറിലെ ഹോടെല്‍ ഐടിസി ഗാര്‍ഡനിയയില്‍ വച്ച് ഉച്ചയ്ക്ക് 12 മുതലാണ് ലേലം ആരംഭിച്ചത്.
മെഗാ താരലേലത്തില്‍ ശ്രേയസ് അയ്യരെ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കെകെആര്‍ ടീമിലെത്തിച്ചത്. മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
ശിഖര്‍ ധവാനെയും കഗിസൊ റബാഡയെയും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 9.25 കോടി രൂപയാണ് റബാഡയ്ക്ക് ലഭിച്ചത്. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത് ടൈറ്റന്‍സ് 6.25 കോടി രൂപയ്ക്ക് മുഹമ്മദ് ശമിയെ സ്വന്തമാക്കി. ഫാഫ് ഡുപ്ലിസിയെ ബെംഗ്‌ളൂറും ട്രെന്‍ഡ് ബോള്‍ടിനെയും അശ്വിനെയും രാജസ്ഥാന്‍ റോയല്‍സും ടീമിലെത്തിച്ചു. ഡേവിഡ് വാര്‍ണറെ 6.25 കോടി രൂപയ്ക്ക് ഡെല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.