തിരുവനന്തപുരം: (www.kvartha.com 02.02.2022) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സൂപ്രണ്ട് ടി കെ ജയകുമാറിനോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപോര്‍ട് തേടി.
വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കോട്ടയത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നുവെന്നാണ് വിവരം. പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ദുര്‍ബലമായി. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായി.
ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ബുധനാഴ്ച വീണ്ടും ആരോഗ്യ നില വഷളായി. വാവാ സുരേഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും തിരിച്ചു വരാന്‍ സമയമെടുക്കുമെന്നും എങ്കിലും പൊതുവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് കോട്ടയം മെഡികല്‍ കോളജ് പ്രിന്‍സിപല്‍ പറയുന്നത്. ഇനിയുള്ള 48 മണിക്കൂറും നിര്‍ണായകമാണെന്ന് സൂപ്രണ്ട് പറഞ്ഞു.