കോഴിക്കോട്: (www.kvartha.com 14.02.2022) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്തുനിന്നാണ് ചായിപ്പോയ ഉമ്മു കുൽസുവിനെ കണ്ടെത്തിയതെന്നാണ് വിവരം. ഇവരെ മലപ്പുറത്തെ വനിതാ സെലിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡില്‍ നിന്ന് ഉമ്മു കുൽസു, ശംസുദീന്‍ എന്നിവര്‍ ചാടിപ്പോയത്. ഇവര്‍ക്ക് വേണ്ടി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മെഡികല്‍ കോളജ് പൊലീസ് തിരച്ചില്‍ നടത്തി വരവെയാണ് ഉമ്മുക്കുല്‍സുവിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡില്‍നിന്ന് തന്നെ സ്ത്രീ ചാടിപ്പോയത് സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പഴയ കെട്ടിടത്തിന്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയില്‍ ആയിരുന്നെന്നും രാവിലെ ഏഴ് മണിയോടെ കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷന്‍ ഓടിപ്പോയതെന്നും സൂപ്രണ്ട് പറയുന്നു.
ഇതിനു മുമ്പും ഇവിടെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികളുടെ എണ്ണമാവട്ടെ 469 ഉം. സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് ബംഗാള്‍ സ്വദേശിനി കൊല്ലപ്പെട്ടത്. കട്ടിലിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ജിയറാം ജിലോട എന്ന യുവതി കൊല്ലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ തെളിവെടുപ്പും മൊഴിയെടുപ്പും തുടരുകയാണ്.