അബൂദബി: (www.kvartha.com 22.02.2022) അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് യു എ ഇയിലെത്തിയ ലോക്‌സഭ സ്പീകര്‍ ഓം ബിര്‍ലക്കും ഒപ്പമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഊഷ്മള വരവേല്‍പ് നല്‍കി അബൂദബി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡ്യന്‍ പ്രതിനിധിസംഘത്തെ നാഷനല്‍ കൗണ്‍സില്‍ അംഗം ഐശ മുഹമ്മദ് സഈദ് അല്‍ മുല്ലയും സംഘവും യുഎഇയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
സുശീല്‍ കുമാര്‍ മോദി, ഡോ. ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍, ഡോ. എം കെ വിഷ്ണുപ്രസാദ്, പി രവീന്ദ്രനാഥ്, ശങ്കര്‍ ലാല്‍വാനി, ഡോ. രാധാകൃഷ്ണ വിഖേപട്ടീല്‍, ലോക്‌സഭ സെക്രടറി ജനറല്‍ ഉദ്പാല്‍ കുമാര്‍ സിങ്, ജോയന്റ് സെക്രടറി ഡോ. അജയ് കുമാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ സ്മാരകമായ വാഹത് അല്‍ കരാമയില്‍ സംഘം സന്ദര്‍ശനം നടത്തി ആദരവ് അര്‍പിച്ചു. ജീവത്യാഗം ചെയ്തവരുടെ ചരിത്രം വരുംതലമുറയെയും പ്രചോദിപ്പിക്കും. തങ്ങളുടെ ജീവനെക്കാളേറെ രാജ്യത്തെ പൗരന്മാരുടെ ജീവന്‍ വിലമതിക്കുന്ന മുന്നണിപ്പോരാളികളെ സല്യൂട് ചെയ്യുന്നു. വാഹത് അല്‍ കരാമയിലെ സന്ദര്‍ശക ബുകില്‍ ലോക്‌സഭ സ്പീകര്‍ കുറിച്ചു. സംഘം ശൈഖ് സായിദ് മോസ്‌ക്, എഫ് എന്‍ സി തുടങ്ങിയ ഇടങ്ങളിലും സന്ദര്‍ശനം നടത്തി.
പാര്‍ലമെന്റ് പ്രതിനിധി സംഘം അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഡെപ്യൂടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, യു എ ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീകര്‍ സഖര്‍ ഗോബാഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച സ്പീകര്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്യും.