മയക്കുമരുന്ന് കേസില്‍ ഇന്‍ഡ്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിങ്കപൂരില്‍ വധശിക്ഷ

 


സിങ്കപൂര്‍: (www.kvartha.com 06.02.2022) മയക്കുമരുന്ന് കേസില്‍ ഇന്‍ഡ്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിങ്കപൂരില്‍ വധശിക്ഷ വിധിച്ചു. മലേഷ്യയിലെ കിഷോര്‍ കുമാര്‍ രാഗുവാനാ(41)ണ് ജഡ്ജി ഓഡ്രേ ലിം വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിങ്കപൂര്‍ പൗരനായ പങ് ആഹ് കിയാങി(61)നെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.

2016 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈകില്‍ സിങ്കപൂരിലെത്തിയ കിഷോര്‍ കുമാര്‍ ഹെറോയിന്‍ മയക്കുമരുന്ന് കടത്തിയതിന് പിടിയിലാവുകയായിരുന്നു. കിഷോര്‍ കുമാര്‍ പങ് കിയാങ്ങിന് ഒരു ബാഗ് കൈമാറിയിരുന്നു. ഈ ബാഗില്‍ നിന്നും 36.5 ഗ്രാം ഹെറോയിന്‍ കണ്ടെടുക്കുകയായിരുന്നു. സിങ്കപൂരിലെ നിയമപ്രകാരം 15 ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കടത്തിയാല്‍ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈകോടതി ശിക്ഷിച്ചത്.

അതേസമയം, സിങ്കപൂരില്‍ കൈമാറാന്‍ ഏല്‍പിച്ച ബാഗില്‍ ഹെറോയിന്‍ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നുവെന്ന് പ്രതി വാദിച്ചു. ബാഗ് സിങ്കപൂരിലെത്തിച്ചാല്‍ 160 യുഎസ് ഡോളര്‍ തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ബാഗില്‍ അലങ്കാര കല്ലുകളാണെന്നാണ് വിചാരിച്ചതെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

അതേസമയം കിഷോറില്‍നിന്ന് വാങ്ങിയ ബാഗ് തന്റെ ഭാര്യാസഹോദരന് വേണ്ടി തത്കാലം കൈയില്‍വെയ്ക്കുകയാണ് ചെയ്തതെന്നാണ് മറ്റൊരു പ്രതിയായ പങ് കിയാങ്ങ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ രണ്ടുവാദങ്ങളും കോടതി തള്ളി.

കിഷോറില്‍ നിന്ന് ഹെറോയിന്‍ അടങ്ങിയ ബാഗും സ്വീകരിച്ച് വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് സെന്‍ട്രല്‍ നാര്‍കോടിക്‌സ് ബ്യൂറോ(സിഎന്‍ബി) പങ് കിയാങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇയാളുടെ വാടകവീട്ടില്‍ പരിശോധന നടത്തുകയും കൂടുതല്‍ മയക്കുമരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 

മയക്കുമരുന്ന് കേസില്‍ ഇന്‍ഡ്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിങ്കപൂരില്‍ വധശിക്ഷ

ബാഗില്‍ ഉണ്ടായിരുന്നത് ഹെറോയിന്‍ ആണെന്ന് കിഷോറിന് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ബാഗ് കൈമാറിയാല്‍ 6000 സിങ്കപൂര്‍ ഡോളറാണ് കിഷോറിന് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇയാള്‍ മയക്കുമരുന്ന് കടത്തിന്റെ ഇടനിലക്കാരനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Keywords: Indian-Origin Man Sentenced To Death For Drug Trafficking In Singapore, Singapore, News, Drugs, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia