ബെന്‍ഗ്ലൂര്‍: (www.kvartha.com 08.02.2022) ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ വിവാദം കത്തി നില്‍ക്കെ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളജ് മാനേജ്മെന്റുകളോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് വിദ്യാലയങ്ങളില്‍ എത്തിയത്.
കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈകോടതിയില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു.
നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ശിവമോഗയില്‍ രണ്ടു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിരുന്നു. കലാലയങ്ങളില്‍ ഹിജാബ് ധരിച്ചവരും കാവി ധരിച്ചെത്തിയവരും ചേരി തിരിഞ്ഞ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് 144 ഏര്‍പെടുത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറും നടന്നു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായും റിപോര്‍ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു.
Keywords: Hijab row: Karnataka CM declares holiday to all high school, colleges across state, Bangalore, News, Education, Protesters, Police, Holidays, Chief Minister, Trending, National.