ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന് ആശ്വാസം; ഹൈകോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

 


കൊച്ചി: (www.kvartha.com 07.02.2022) നടന്‍ ദിലീപിന് ആശ്വാസം. ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന് ഹൈകോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 

വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. 

കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടടെലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.

ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന് ആശ്വാസം; ഹൈകോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Keywords:  News, Kerala, State, Kochi, Case, High Court of Kerala, Dileep, Bail, Conspiracy, Trending,  HC grants Dileep anticipatory bail in conspiracy case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia