ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട ആപുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയ്ക്ക് സര്‍കാരിന്റെ വിലക്ക്. നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി (എസ്എഫ്ജെ) അടുത്ത ബന്ധമുള്ള, വിദേശ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പഞ്ചാബ് പൊളിറ്റിക്സ് ടിവി'യുടെ ആപുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പെടുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഉത്തരവിട്ടത്. 1967ലെ പ്രിവന്‍ഷന്‍ നിയമ പ്രകാരമാണിത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ചാനല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന്, 'പഞ്ചാബ് പൊളിറ്റിക്സ് ടിവി'യുടെ ഡിജിറ്റല്‍ മീഡിയ ഉറവിടങ്ങള്‍ തടയാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ഐ ടി നിയമങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പുതിയ ആപുകളുടെയും സോഷ്യല്‍ മീഡിയ അകൗണ്ടുകളുടെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണെന്നും സര്‍കാര്‍ വ്യക്തമാക്കി.
വിലക്കിയ ആപുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയുടെ ഉള്ളടക്കങ്ങള്‍ സാമുദായിക സ്പര്‍ദയും വിഘടനവാദവും ഉണര്‍ത്തുന്നവയായിരുന്നു. കൂടാതെ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ദോഷമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ മൊത്തത്തിലുള്ള വാര്‍ത്താവിതരണ മേഖല സുരക്ഷിതമാക്കാനും രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ സാധ്യതയുള്ള ഏതൊരു പ്രവര്‍ത്തനത്തെയും തടയുന്നതിനും ജാഗ്രത പുലര്‍ത്തുകയും പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുന്നതായും സര്‍കാര്‍ അറിയിച്ചു.