കോഴിക്കോട്: (www.kvartha.com 07.02.2022) സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ നിരവധി കേസുകളിലെ പ്രതി പല്ലന്‍ ഷൈജു പിടിയിലായി. വയനാട്ടിലെ റിസോര്‍ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്റ് ഉണ്ടായിരുന്നു. തൃശൂര്‍ കൊടകര സ്വദേശിയായിരുന്ന പല്ലന്‍ ഷൈജുവിനെ കഴിഞ്ഞ മാസം കാപ്പാ നിയമം ചുമത്തി നാട് കടത്തിയിരുന്നു.
ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ജില്ലയില്‍ പ്രവേശിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പിക്കാം. ഇതിന് പിന്നാലെയാണ് 'താന്‍ കടലിലാണ് ഉള്ളത്. അതിര്‍ത്തികളില്‍ താന്‍ ഉണ്ട്' എന്ന് പറഞ്ഞ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജുവെന്ന് പൊലീസ് പറഞ്ഞു.