കേന്ദ്ര ബജറ്റ് ഒരു ഡിജിറ്റല്‍ തട്ടിപ്പെന്ന് ജി ദേവരാജന്‍

 


കൊല്ലം: (www.kvartha.com 01.02.2022) സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും യാതൊരു പ്രയോജനവും ഇല്ലാത്ത വെറും പൊള്ളയായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.

കേന്ദ്ര ബജറ്റ് ഒരു ഡിജിറ്റല്‍ തട്ടിപ്പെന്ന് ജി ദേവരാജന്‍

ജിഎസ്ടി വരുമാനം വര്‍ധിച്ചുവെന്നവകാശപ്പെടുന്ന സര്‍കാര്‍ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ സന്മനസ് കാണിക്കണമായിരുന്നു. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാനുതകുന്ന തരത്തില്‍ സാമ്പത്തിക സഹായം നല്‍കുകയോ പാചകവാതകമുള്‍പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുറയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുമായിരുന്നു.

പ്രതിസന്ധികാലത്ത് അപ്രതീക്ഷിത ലാഭമുണ്ടാക്കിയ ടെലികോം, ഫാര്‍മസൂടികല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം കണ്ടെത്തിയും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാമായിരുന്നു. രാജ്യത്ത് ജിഡിപി ഉത്പാദിപ്പിച്ചു നല്‍കുന്ന സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍, കര്‍ഷകര്‍, സര്‍കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനോ, പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും നേരിടുന്ന തകര്‍ച്ച പരിഹരിക്കുന്നതിനോ, ബജറ്റില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നുമില്ല. മറിച്ച് സാധാരണക്കാര്‍ക്ക് മനസിലാകാത്ത ഡിജിറ്റൈസേഷന്‍, അഗ്രിടെക്, ഫിന്‍ടെക് തുടങ്ങിയ പദാവലികള്‍ കൊണ്ടു നിറച്ച ഒരു ഡിജിറ്റല്‍ തട്ടിപ്പാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

Keywords:  G Devarajan says central budget is a digital scam, Kollam, News, Budget, Criticism, GST, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia