കീവ്: (www.kvartha.com 26.02.2022) റഷ്യയുടെ അധിനിവേശത്തിന് മറുപടിയുമായി ഫ്രാന്‍സ്. റഷ്യയുടെ ചരക്കുകപ്പല്‍ പിടിച്ചെടുത്തു. യൂറോപ്യന്‍ യൂനിയന്‍ ഏര്‍പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഫ്രാന്‍സ് പറയുന്നു. ഇന്‍ഗ്ലീഷ് ചാനലില്‍ വച്ചാണ് 'ബാള്‍ട് ലീഡര്‍' എന്ന ചരക്കുകപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തത്.
ഫ്രാന്‍സില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുന്ന ചരക്കുകപ്പലിനെയാണ് ഫ്രഞ്ച് കസ്റ്റംസ് വിഭാഗവും നാവിക സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്.
കീഴടങ്ങില്ലെന്നും പൊരുതുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. യുക്രൈന് ആയുധം നല്‍കുമെന്ന് നേരത്തെ തന്നെ ഫ്രാന്‍സും അറിയിച്ചിരുന്നു. നാറ്റോയിലെ 25 രാജ്യങ്ങളും യുക്രൈനെ സഹായിക്കുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാ ദൗത്യത്തിനായി എയര്‍ ഇന്‍ഡ്യയുടെ കൂടുതല്‍ വിമാനങ്ങള്‍ പുറപ്പെട്ടു. എയര്‍ ഇന്‍ഡ്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുകാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുകോവിനിയന്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്. റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനമാണിത്.
എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനം എഐ 1941 ഡെല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്‍ഡ്യയുടെ മറ്റൊരു വിമാനം വൈകിട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. മൂന്ന് വിമാനങ്ങളിലായി ഏകദേശം 700ഓളം ഇന്‍ഡ്യക്കാരാണ് സ്വദേശത്ത് എത്തുക. റൊമാനിയ, ഹങ്കറി, പോളന്‍ഡ്, സ്ലൊവാക്യ രാജ്യങ്ങള്‍ വഴിയാണ് ഇന്‍ഡ്യ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്.