കണ്ണൂര്‍: (www.kvartha.com 22.02.2022) തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസ് വധക്കേസില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിമിന്‍, അമല്‍ മനോഹരന്‍, സുനേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭാ അംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമാണ് അറസ്റ്റിലായ ലിജേഷ്.
ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം. പ്രതികള്‍ സഞ്ചരിച്ച ബൈക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കി.
തിങ്കളാഴ്ച പുലര്‍ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഹരിദാസനാണ് വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ ബി ജെ പിയെന്നാണ് കൊലപാതകം നടന്നത് മുതല്‍ സി പി എം ആരോപിക്കുന്നത്. എന്നാല്‍ ആരോപണം തള്ളി ബി ജെ പി നേതൃത്വം രംഗത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ അറസ്റ്റിലായത് ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരായതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.