കൊച്ചി: (www.kvartha.com 03.02.2022) പ്രായപരിധിയില്ലാതെ ആര്‍ക്ക് വേണമെങ്കിലും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതിയുടെ വിധിയില്‍ മുരുഗയ്യന് ആഗ്രഹസാഫല്യം. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛന്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍. മുരുഗയ്യന്‍ (54), മകള്‍ ആര്‍ എം ശീതള്‍ (18) എന്നിവര്‍ക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്.
ഇതോടെ കുട്ടിക്കാലം മുതല്‍ മനസിലുണ്ടായിരുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തില്‍ മകളോടൊപ്പം എംബിബിഎസ് പഠിക്കാന്‍ അച്ഛനും തയ്യാറെടുക്കുകയാണ്.
ബുധനാഴ്ച വന്ന അലോട്‌മെന്റില്‍ മുരുഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡികല്‍ കോളജിലും മകള്‍ ശീതളിന് പോണ്ടിച്ചേരി വിനായക മിഷന്‍ മെഡികല്‍ കോളജിലുമാണ് പ്രവേശനം ലഭിച്ചത്.
മകള്‍ക്കൊപ്പം നീറ്റ് പരീക്ഷക്ക് പഠിക്കാന്‍ തയ്യാറെടുത്ത മുരുഗയ്യന് പൂര്‍ണ പിന്തുണയുമായി ഭാര്യ മാലതിയുമുണ്ടായിരുന്നു. ആദ്യ അലോട്‌മെന്റ് വന്നെങ്കിലും അടുത്തതും കൂടി വന്നതിന് ശേഷമേ ഏത് കോളജില്‍ പ്രവേശനം നേടണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് മുരുകയ്യന്‍ വ്യക്തമാക്കുന്നു.
ഡോക്ടറാകാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്‍ജീനീയറിംഗ് തിരഞ്ഞെടുത്തത്. ഇതിനിടയില്‍ നിയമം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദങ്ങളും കരസ്ഥമാക്കി.
തഞ്ചാവൂര്‍ സ്വദേശിയായ മുരുഗയ്യന്‍ 31 വര്‍ഷമായി കേരളത്തിലുണ്ട്. 21 വര്‍ഷമായി തൃപ്പൂണിത്തുറയിലാണ് താമസം