ദുബൈ: (www.kvartha.com 22.02.2022) ദുബൈ വിമാനത്താവളത്തിന് പിന്നാലെ ശാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പി സി ആര്‍ പരിശോധന ഒഴിവാക്കികൊണ്ട് ഉത്തരവിറക്കി. എന്നാല്‍, 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ ഇപ്പോഴും നിര്‍ബന്ധമാണ്.
ഇന്‍ഡ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പി സി ആറില്‍ നിന്ന് ഒഴിവാക്കിയത്. ശാര്‍ജയുടെ ഔദ്യോഗിക എയലൈനായ എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ദേശം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ആറ് മണിക്കൂര്‍ മുന്‍പുള്ള റാപിഡ് പി സി ആര്‍ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ് ഒഴിവാകുന്നത്. വിമാനത്താവളങ്ങളിലെ റാപിഡ് പി സി ആര്‍ പരിശോധന പ്രവാസികള്‍ക്ക് വലിയ ദുരിതമായിരുന്നു സമ്മാനിച്ചിരുന്നത്. സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം റാപിഡ് പി സി ആറില്‍ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചിരുന്നു.
അതേസമയം, അബൂദബി, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല.