Follow KVARTHA on Google news Follow Us!
ad

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി വിധി തിങ്കളാഴ്ച

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,High Court of Kerala,Dileep,Bail plea,Trending,Kerala,
കൊച്ചി: (www.kvartha.com 04.02.2022) നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി വിധി തിങ്കളാഴ്ച . ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പറയുക. കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്നും വിശദമായ പ്രതിവാദക്കുറിപ്പു നല്‍കുമെന്നും പ്രതിഭാഗം അറിയിച്ചു.

Dileep’s anticipatory bail plea: HC to pronounce verdict on Monday, Kochi, News, High Court of Kerala, Dileep, Bail plea, Trending, Kerala

കോടതിയില്‍ നടന്നത്;

ദിലീപിനെതിരെ രൂക്ഷമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കമെന്നാരോപിച്ച പ്രോസിക്യൂഷന്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാണ് ക്വടേഷന്‍ കൊടുത്തതെന്നും ദിലീപിനു മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും വാദിച്ചു.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഇങ്ങനെ:

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്സാക്ഷിയാണെന്നും മൊഴിയിലുള്ള ചെറിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിശ്വാസ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരം പരിഗണിക്കാമെന്ന കൊല്‍കത്ത ഹൈകോടതിയുടെ മുന്‍ ഉത്തരവു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിന്റെ പ്രാഥമിക അന്വേഷണത്തിലാണെന്നും വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഫോണുകളെല്ലാം മാറിയതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഇതുവരെ പുറത്തുവരാത്ത മൂന്നു കാര്യങ്ങള്‍ കൂടി പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപിലിട്ടു തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയോട് വ്യക്തമാക്കി. ആലുവ പൊലീസ് ക്ലബിനു മുന്നിലൂടെ പോകുമ്പോള്‍ എല്ലാവരെയും കത്തിക്കണമെന്നും പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരായ എ വി ജോര്‍ജിനും ബി സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ വ്യവസായി സലീമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിനു പിന്നിലെന്നും സലീമിന്റെ മൊഴി നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്.

സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നല്‍കുന്ന തെളിവു മാത്രമാണ്. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ബാലചന്ദ്രകുമാറുമായി മറ്റെന്തെങ്കിലും തരത്തിലുള്ള കേസ് പ്രതിക്ക് ഇല്ല. നേരിട്ടുള്ള തെളിവാണ് ബാലചന്ദ്രകുമാര്‍ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പണി കൊടുക്കണമെന്ന് ദിലീപ് ഉള്‍പെടെ ആറുപേര്‍ ഉള്ള സംഘം തീരുമാനം എടുത്തു. നല്ല പണികൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഗൂഢാലോചന നടക്കുമ്പോള്‍, തീരുമാനിക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ സാക്ഷിയാണ്. ബാലചന്ദ്രകുമാര്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ടാബില്‍ നിന്ന് ലാപ് ടോപിലേക്ക് കോപി ചെയ്തു സൂക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു പറഞ്ഞതും ജീവനു ഭീഷണി ഉള്ളതും ഭാര്യയോട് അന്നു പറഞ്ഞിട്ടുണ്ട്. ഇത് കോടതിക്കു പരിശോധിക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഗൂഢാലോചന പുറത്തുപറഞ്ഞാല്‍ അവര്‍ കൊന്നു കളഞ്ഞേക്കുമെന്നു ബാലചന്ദ്രകുമാറിന്റെ ഭാര്യ ആശങ്കപ്പെട്ടിരുന്നു. സോജനും സുദര്‍ശനും നല്ല ശിക്ഷയായിരിക്കും കൊടുക്കുക എന്നു പറയുന്നത് സാക്ഷി കേട്ടു.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് പ്രോസിക്യൂഷന്‍. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് പി ഗോപിനാഥ് ആണ് വാദം കേള്‍ക്കുന്നത്.

അതേസമയം ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നില്‍ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നില്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നും ദിലീപ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: Dileep’s anticipatory bail plea: HC to pronounce verdict on Monday, Kochi, News, High Court of Kerala, Dileep, Bail plea, Trending, Kerala.

Post a Comment