കൊല്ലം: (www.kvartha.com 19.02.2022) ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ച പശ്ചാത്തലത്തില്‍ കൊല്ലം റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ചവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കേരള പൊലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
സമാധാനലംഘനത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ തിങ്കളാഴ്ച രാവിലെ 11 വരെ നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്ക് നിരോധനമുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. അതേസമയം മതപരമായ ചടങ്ങുകള്‍ക്ക് വിലക്കില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകോപനമുണ്ടാക്കുമെന്ന ആശങ്കയാണ് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കാരണം. പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്ന സാഹചര്യം ഉണ്ടായേക്കും എന്നതും പരിഗണിച്ചാണ് നിരോധനാജ്ഞ ഏര്‍പെടുത്തിയിരിക്കുന്നത്.
അതേസമയം ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഡി ബി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 വിദ്യാര്‍ഥികളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിനുള്ളിലും പുറത്തും നടന്ന ആക്രമണങ്ങളില്‍ ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എസ് എഫ് ഐയിലും കെ എസ് യുവിലും ഉള്‍പെട്ടവരെ കസ്റ്റഡിയിലെടുത്തത്.
ആറ് കെ എസ് യു പ്രവര്‍ത്തകരെയും അഞ്ച് എസ് എഫ് ഐക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്തതായാണ് വിവരം. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കുനേരേ രാത്രിയിലുണ്ടായ ആക്രമണമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.