Follow KVARTHA on Google news Follow Us!
ad

ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്തും; പാര്‍ടി ഭരണഘടന മാറ്റാന്‍ സി പി എം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, New Delhi,News,Politics,CPM,Allegation,National,
ന്യൂഡെല്‍ഹി: (www.kvartha.com 13.02.2022) ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താനുള്ള തീരുമാനവുമായി സിപിഎം . പാര്‍ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

CPM Will Change Its Party Constitutional Framework To Report Immoral And Domestic Violence, New Delhi, News, Politics, CPM, Allegation, National

എന്തെല്ലാമാണ് പാര്‍ടിയില്‍ അച്ചടക്കലംഘനമായി കണക്കാക്കുക എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പാര്‍ടി ഭരണഘടനയുടെ ഭാഗത്ത് ഇത് കൂടി എഴുതിച്ചേര്‍ക്കാനാണ് തീരുമാനം. മുന്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ ഉയര്‍ന്ന നിര്‍ദേശം കണക്കിലെടുത്താണ് സിപിഎമിന്റെ ഈ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. ഇനി ഒരു പാര്‍ടി അംഗം ലൈംഗിക, ഗാര്‍ഹിക പീഡനം നടത്തിയാല്‍, അത് ഗുരുതരമായ അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കപ്പെടുമെന്നും അതില്‍ ഒരുവിധത്തിലുള്ള നീക്കുപോക്കുകളും അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

ഇത്തവണ സിപിഎം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്താം തീയതി വരെ കണ്ണൂരിലാണ് നടക്കുന്നത്. ഈ പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട ഭരണഘടനാ ഭേദഗതികളെക്കുറിച്ച് സിപിഎം കേന്ദ്രകമിറ്റിയില്‍ വിശദമായ ചര്‍ചകള്‍ നടന്നിരുന്നു. രണ്ട് പ്രധാനനിര്‍ദേശങ്ങളാണ് കേന്ദ്രകമിറ്റി അവതരിപ്പിക്കുക. പാര്‍ടിയില്‍ അച്ചടക്കലംഘനം നടന്നതായി കണക്കാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഭാഗത്ത് എന്തെല്ലാം കാര്യങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കണമെന്നതാണ് ഒരു നിര്‍ദേശം.

സിപിഎം പാര്‍ടി ഭരണഘടനയില്‍ 19-ാം വകുപ്പിലാണ് അച്ചടക്കലംഘനത്തെക്കുറിച്ച് പറയുന്നത്. ആ വകുപ്പില്‍ കൂടുതല്‍ ചട്ടങ്ങള്‍ എഴുതിച്ചേര്‍ക്കാനാണ് കേന്ദ്രകമിറ്റിയുടെ നിര്‍ദേശം. ഗാര്‍ഹികപീഡനം, ലൈംഗികപീഡനം എന്നിവ അച്ചടക്കലംഘനമായി പ്രത്യേകം എഴുതിച്ചേര്‍ക്കാനാണ് തീരുമാനം. നേരത്തേ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പെടുന്ന പാര്‍ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമിനുള്ളില്‍ കഴിയും. ഇതില്‍ എന്തൊക്കെ ചെയ്താല്‍ നടപടിയെടുക്കാം എന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്ന തീരുമാനം വേണമെന്ന് കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസുകളില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ്, കൃത്യം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അച്ചടക്കലംഘനം രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ടിയുടെ തത്വങ്ങളോ ഭരണഘടനയോ ലംഘിക്കുന്നത് നേരത്തേ തന്നെ അച്ചടക്കലംഘനമായി കണക്കാക്കണമെന്നാണ് ഇതുവരെ ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിരുന്നത്.

എന്നാല്‍ പലപ്പോഴും ഇതിനെതിരെ പാര്‍ടിയ്ക്ക് അകത്ത് പരാതികള്‍ ഉയരുമ്പോള്‍ തങ്ങള്‍ പാര്‍ടി തത്വം ലംഘിച്ചിട്ടില്ലെന്നാണ് ആരോപണവിധേയര്‍ പറയാറുള്ളത്. ഇത് അനാവശ്യ പരാതിയാണെന്ന് കാണിച്ച് ആരോപണവിധേയര്‍ കണ്‍ട്രോള്‍ കമിഷനെ സമീപിക്കുകയും ചെയ്യാറാണ് പതിവ്. അത് ഒഴിവാക്കാനാണ് കൃത്യം ചട്ടം ഇക്കാര്യത്തില്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്. പാര്‍ടി ഇതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

രണ്ടാമത്തേത്, കേന്ദ്ര, സംസ്ഥാനകമിറ്റികളില്‍ പ്രായപരിധി നിശ്ചയിക്കുന്നത് പാര്‍ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്നതാണ്. കേന്ദ്ര, സംസ്ഥാന കമിറ്റികളില്‍ എഴുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവര്‍ മതിയെന്ന പ്രായപരിധി നേരത്തേ തന്നെ സിസി നിശ്ചയിച്ചിരുന്നു. എന്നാലിതില്‍ ചില ഇളവുകള്‍ നല്‍കാമെന്നും സിസി വ്യക്തമാക്കിയിരുന്നതാണ്. എന്നാലിത് പാര്‍ടി ഭരണഘടനയില്‍ വ്യക്തമായി എഴുതിച്ചേര്‍ക്കാതെ, കേന്ദ്രകമിറ്റിക്ക് എങ്ങനെ തീരുമാനിക്കാനാകും എന്നതാണ് ആശങ്ക. അതിനാലാണ് കൃത്യമായ പ്രായപരിധി നിശ്ചയിക്കാന്‍ തീരുമാനിക്കുന്നത്.

സിപിഎമിന്റെ വിവിധഘടകങ്ങളില്‍ വനിതാ പ്രാതിനിധ്യം പടിപടിയായി ഉയര്‍ത്താന്‍ വേണ്ട നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. അതിനായി പാര്‍ടിയുടെ ഓരോ ഘടകങ്ങളില്‍ വനിതാപ്രാതിനിധ്യം എത്ര വേണം എന്ന കാര്യം തീരുമാനിക്കാനും ധാരണയായി. നിലവില്‍ 15 ശതമാനം വരെ ഓരോ ഘടകങ്ങളിലും സ്ത്രീകള്‍ വേണമെന്നാണ് പാര്‍ടിയുടെ കീഴ്ഘടകങ്ങളിലേക്ക് നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം.

എന്നാല്‍ കേന്ദ്രകമിറ്റിയില്‍ ഇതെത്ര വേണം എന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പടിപടിയായി വനിതാപ്രാതിനിധ്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് തീരുമാനം. കീഴ്ഘടകങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഉയര്‍ന്ന് കേന്ദ്രകമിറ്റി വരെ എത്തട്ടെയെന്നാണ് നേതാക്കള്‍ പറയുന്നത്.

Keywords: CPM Will Change Its Party Constitutional Framework To Report Immoral And Domestic Violence, New Delhi, News, Politics, CPM, Allegation, National.

Post a Comment