കണ്ണൂര്‍: (www.kvartha.com 21.02.2022) സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ ഏഴുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആര്‍ ഇളങ്കോ വ്യക്തമാക്കി. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്നും ഇളങ്കോ പറഞ്ഞു.
ഹരിദാസിന്റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്ക് താഴേയ്ക്കാണെന്നും റിപോര്‍ടില്‍ പറയുന്നു.
തലശേരി ന്യൂമാഹിക്കടുത്ത് പുലര്‍ചെ വീടിന് സമീപത്തുവച്ചാണ് ഹരിദാസ് വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. രണ്ടു ബൈകുകളിലായെത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് റിപോര്‍ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
ഹരിദാസിന്റെ മൃതദേഹം വൈകീട്ട് അഞ്ചിന് സംസ്‌കരിക്കും. പോസ്റ്റുമോര്‍ടത്തിന് ശേഷം പരിയാരം മെഡികല്‍ കോളജില്‍നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി പി എം തലശ്ശേരി ഏരിയാ കമിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പുന്നോലില്‍ പൊതുദര്‍ശനമുണ്ടാകും. പുന്നോലിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.