കൊച്ചി: (www.kvartha.com 14.02.2022) കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലന്‍ജില്‍ പങ്കെടുത്തതിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടു ഞാലില്‍ സി കെ ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ വയറ്റില്‍ ഉള്‍പെടെ പല ആന്തരിക മുറിവുകളുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ഫെബ്രുവരി 12നാണ് ദീപുവിന് മര്‍ദനമേറ്റത്. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലന്‍ജിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി.
ഇതേതുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
അക്രമത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ദീപുവിനെ പുലര്‍ച്ചെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പട്ടിമറ്റം സ്റ്റേഷനില്‍ നിന്നു പൊലീസെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. വാര്‍ഡ് മെമ്പര്‍ നിഷയാണ് മൊഴി നല്‍കിയത്.
സംഭവത്തില്‍ ദീപുവിന്റെ വീട്ടുകാര്‍ പെരുമ്പാവൂര്‍, കുന്നത്തുനാട് സ്റ്റേഷനുകളില്‍ പറാട്ടുവീട് സൈനുദ്ദീന്‍ സലാം, പറാട്ടുബിയാട്ടു വീട് അബ്ദുര്‍ റഹ് മാന്‍, നെടുങ്ങാടന്‍ വീട് ബശീര്‍, അസീസ് വലിയപറമ്പില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കി.
Keywords: Condition of attacked Dalit turns critical, Kochi, News, Politics, CPM, Attack, Critical, Kerala.