ചെന്നൈ: (www.kvartha.com 21.02.2022) കുട്ടികളില്ലാത്ത ദു:ഖത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തമിഴ്നാട്ടിലെ കില്‍കതലൈയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. റിപോര്‍ടുകള്‍ പ്രകാരം, ഒരു സ്വകാര്യ കമ്പനിയിലെ റിടയേര്‍ഡ് ഉദ്യോഗസ്ഥനായ നമ്പിരാജന്‍ (76), റിടയേര്‍ഡ് അധ്യാപികയായ പാപ്പ (76) എന്നിവരാണ് മരിച്ചത്.
പ്രായമായ ദമ്പതികള്‍ ഏകാന്തതയിലായിരുന്നുവെന്നും ഏകാന്തതയെ ചെറുക്കാന്‍ സഹായിക്കുന്നതിനായി പലപ്പോഴും അവര്‍ ബന്ധുക്കളെ വിളിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടാതെ, ഭാര്യ അര്‍ബുദ രോഗിയും നമ്പിരാജന് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഏതാനും ബന്ധുക്കളും അയല്‍വാസികളും ദമ്പതികളുടെ പരിചരണത്തിന് എന്നും ഒപ്പം ഉണ്ടായിരുന്നു. ഇവരുടെ വീടിനടുത്തു തന്നെ താമസിക്കുന്ന നമ്പിരാജന്റെ സഹോദരന്‍ സുബ്രഹ്മണി ഇരുവരേയും ആശ്വസിപ്പിക്കാനും മറ്റും പതിവായി വരാറുണ്ടായിരുന്നു. മാത്രമല്ല, മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഇദ്ദേഹം തന്നെയായിരുന്നു.
തങ്ങളുടെ അനാരോഗ്യത്തെ കുറിച്ചും സ്ഥിരമായി പരിചരിക്കാന്‍ ആളില്ലാത്തതിനെ കുറിച്ചും പ്രായമായ ദമ്പതികള്‍ ആശങ്കാകുലരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളില്ലാത്തതിനാല്‍ ആത്മഹത്യാ പ്രവണതയെക്കുറിച്ച് മിക്കപ്പോഴും സംസാരിച്ചിരുന്നതായി സഹോദരന്‍ പൊലീസിനെ അറിയിച്ചതായും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു.
വ്യാഴാഴ്ച നമ്പിരാജന്റെ സഹോദരന്‍ ജ്യേഷ്ടനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മരിച്ച ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി അയച്ചു. എന്നാല്‍ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പൊന്നും പൊലീസിന് കണ്ടെത്താനായില്ല.
Keywords: Childless couple hangs self to death over ‘loneliness’ in Tamil Nadu’s Chennai, Chennai, News, Hang Self, Police, Dead Body, National.