ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) എന്‍ എസ് ഇ മുന്‍ ഓപറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യം അറസ്റ്റില്‍. വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് ചെന്നൈയിലെ വസതിയിലെത്തി സി ബി ഐ അറസ്റ്റ് ചെയ്തത്. കോ-ലോകേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സുബ്രമണ്യത്തെ ഡെല്‍ഹിയിലുള്ള സി ബി ഐ ആസ്ഥാനത്തെത്തിച്ചു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി ആനന്ദ് സുബ്രമണ്യത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി ബി ഐ അറിയിച്ചു. കേസിലെ സി ബി ഐ അന്വേഷണത്തോടെ സുബ്രമണ്യം സഹകരിച്ചിരുന്നില്ലെന്നാണ് വിവരം.
നേരത്തെ എന്‍ എസ് ഇ മുന്‍ ചിത്ര രാമകൃഷ്ണയേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളമാണ് ചിത്രയെ സി ബി ഐ ചോദ്യം ചെയ്തത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് സെബി ചിത്രക്ക് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ എന്‍ എസ് ഇയുടെ പല തീരുമാനങ്ങളെടുത്തത് യോഗിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ചിത്ര മൊഴി നല്‍കിയിരുന്നു.
ചിത്ര രാമകൃഷ്ണയും വിവാദ യോഗിയുമായി നടന്ന ഇമെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ചുള്ള കേസിലും ആനന്ദ് സുബ്രമണ്യം ആരോപണവിധേയനായിരുന്നു. 2018ലാണ് സെബി ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. എന്‍ എസ് ഇയുടെ സെര്‍വറുകളില്‍ ചില ബ്രോകര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു കേസ്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് എന്‍ എസ് ഇ മുന്‍ സി ഇ ഒ ചിത്ര രാമകൃഷ്ണയും യോഗിയും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത് വന്നത്.