Follow KVARTHA on Google news Follow Us!
ad

കോവിഡിൻ്റെ എരിതീയിൽ നിന്നും ജനം നിരക്ക് വർധനയുടെ വറചട്ടിയിലേക്ക്; ബസ്, വൈദ്യുതി, ഓടോ റിക്ഷ, ടാക്സി ചാർജ് കൂടുന്നു; ജീവിതം ദുസഹമാകും

Bus, electricity, auto rickshaw and taxi charges are going up, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 04.02.2022) രണ്ട് വർഷക്കാലത്തെ കോവിഡിൻ്റെ എരിതീയിൽ നിന്നും ജനം നിരക്ക് വർധനയുടെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെടും. ബസ്, വൈദ്യുതി, ഓടോ റിക്ഷ, ടാക്സി നിരക്കുകൾ കൂടുന്നതോടെ ജനജീവിതം ശരിക്കും ദുസഹമാകും.
                 
News, Kerala, Kozhikode, Bus, Auto Driver, Cash, People, COVID-19, Top-Headlines, Minister, Chief Minister, Pinarayi vijayan, State, Report, Justice, Charges, Bus, electricity, auto rickshaw and taxi charges are going up.
         
ബസ് ചാര്‍ജ് വര്‍ധന ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു തന്നെ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും കൂടുമെന്ന് വ്യക്തമായിട്ടുണ്ട്. അതേ സമയം പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിൽ തന്നെ സര്‍കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ രണ്ട് തവണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നീണ്ടു പോകുകയായിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടായാൽ ജനം സർകാറിനെ മുൾമുനയിൽ നിർത്തും.

പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി തന്നെയാണ് അറിയിച്ചത്. ബോർഡിന്റെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ റെഗുലേറ്ററി കമീഷനോട് വർധനവ് ആവശ്യപ്പെടുമെന്നാണ് മന്ത്രി പറഞ്ഞത്. കെഎസ്ഇബിക്ക് പിരിഞ്ഞു കിട്ടാനുള്ള വൻകിടക്കാരുടെ വൈദ്യുതി കുടിശിക പിരിച്ചെടുത്താൽ തന്നെ നിരക്ക് വർധന ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോർഡിലെ ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കാനുള്ള നടപടികളും കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

നിരക്ക് വർധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞുവെക്കുന്നത്. കുറഞ്ഞത് 10 ശതമാനം വരെ വർധനവ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇത് വലിയ ബാധ്യതയായിരിക്കും ജനങ്ങൾക്കുണ്ടാവുക. 2019 ജൂലൈലായിരുന്നു ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച താരിഫ് പെറ്റീഷൻ ഡിസംബർ 31 ന് മുമ്പ് നൽകിയതായാണ് അറിയുന്നത്. റെഗുലേറ്ററി കമീഷൻ്റെ ഹിയറിംഗിന് ശേഷമായിരിക്കും നിരക്ക് വർധനയിൽ തീരുമാനമെടുക്കുക.

ഓടോ റിക്ഷ-ടാക്‌സി നിരക്കും കൂട്ടും. നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ച യൂനിയനുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് തൊഴിലാളി യൂനിയൻ നേതാക്കളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർചയിൽ ഉറപ്പു നൽകിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ ഒരു മാസത്തിനുള്ളിൽ പ്രശ്‌നം പഠിച്ച് റിപോർട് ചെയ്യാൻ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇത് കൊണ്ടൊന്നും ജനത്തിന് രക്ഷയുണ്ടാകില്ല. വെള്ളക്കരവും കൂട്ടാൻ പദ്ധതിയുണ്ട്. മറ്റുപല നികുതികളും കൂട്ടാനുള്ള ശ്രമവും ഇതോടൊപ്പം തന്നെ നടക്കുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ദുർബലമായതിനാൽ അതെല്ലാം ജനത്തിൻ്റെ തലയിൽ തന്നെ വന്നു വീഴാനാണ് സാധ്യത.


Keywords: News, Kerala, Kozhikode, Bus, Auto Driver, Cash, People, COVID-19, Top-Headlines, Minister, Chief Minister, Pinarayi vijayan, State, Report, Justice, Charges, Bus, electricity, auto rickshaw and taxi charges are going up.
< !- START disable copy paste -->

Post a Comment