5 എല്‍ എസ് ഡി സ്റ്റാംപുകളുമായി ബി ടെക് വിദ്യാര്‍ഥി പിടിയില്‍; രാജ്യത്ത് ലഭ്യമായ ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് പിടികൂടിയതെന്ന് എക്‌സൈസ്

 


കൊച്ചി: (www.kvartha.com 13.02.2022) മാരക സിന്തറ്റിക് ലഹരിമരുന്നായ 'കാലിഫോര്‍ണിയ 9' എല്‍ എസ് ഡി സ്റ്റാംപുമായി ബി ടെക് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശി ആശിക് ടി സുരേഷാണ് (23) അഞ്ച് എല്‍ എസ് ഡി സ്റ്റാംപുകളുമായി അറസ്റ്റിലായത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വീര്യം കൂടിയ എല്‍ എസ് ഡി സ്റ്റാംപാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

5 എല്‍ എസ് ഡി സ്റ്റാംപുകളുമായി ബി ടെക് വിദ്യാര്‍ഥി പിടിയില്‍; രാജ്യത്ത് ലഭ്യമായ ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് പിടികൂടിയതെന്ന് എക്‌സൈസ്


കഴിഞ്ഞ ദിവസം വൈറ്റിലയില്‍ നിന്ന് എം ഡി എം എയുമായി ഒരാളെ എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ആശിക് കുടുങ്ങിയത്. ബെന്‍ഗ്ലൂറില്‍ നിന്ന് ഒന്നിന് 2000 രൂപ നിരക്കില്‍ തപാല്‍ മാര്‍ഗമാണ് ആശിഖ് എല്‍ എസ് ഡി സ്റ്റാംപുകള്‍ എത്തിക്കുന്നത്. പിന്നീട് 7,000 രൂപയ്ക്ക് മറിച്ചുവില്‍ക്കും. ഇക്കാര്യം അറിഞ്ഞ എക്‌സൈസ് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് ആശികിനെ കുടുക്കിയത്.

ആഡംബര ജീവിതം നയിച്ചിരുന്ന ആശികിന്റെ കസ്റ്റമര്‍മാരെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് എക്‌സൈസ് പറഞ്ഞു. പിടിയിലാകുന്നവര്‍ക്ക് കൗണ്‍സെലിംഗും ചികിത്സയും നല്‍കും. പ്രാഥമിക അന്വേഷണത്തില്‍ ബെന്‍ഗ്ലൂറിലുള്‍പെടെ എല്‍ എസ് ഡി സ്റ്റാംപ് മാനുഫാക്ചറിംഗ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബെന്‍ഗ്ലൂറില്‍ സ്ഥിരതാമസമാക്കിയ ആഫ്രിക്കക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് എക്സൈസ്.

എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ആശികിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ കെ ആര്‍ രാം പ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫിസര്‍ കെ യു ഋഷികേശന്‍, എസ് സുരേഷ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജോമോന്‍, ജിതീഷ് എന്നിവരുമുണ്ടായിരുന്നു.

എന്താണ് കാലിഫോര്‍ണിയ 9

124 തരം എല്‍ എസ് ഡി സ്റ്റാംപുകളാണ് ലോകത്ത് പ്രചാരത്തിലുള്ളത്. ഇതില്‍ ഏറ്റവും മാരകമാണ് 'കാലിഫോര്‍ണിയ 9'. 20 പേരുകളില്‍ വ്യത്യസ്ത രൂപങ്ങളിലായാണ് ത്രീ ഡോട് വിഭാഗത്തില്‍പെടുന്ന ഇവ വിറ്റഴിക്കപ്പെടുന്നത്. അഞ്ച് എല്‍ എസ് ഡി സ്റ്റാംപ് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ അളവ് അല്‍പം കൂടിയാല്‍ മരണം തന്നെ സംഭവിക്കും.

Keywords:  BTech student held with 5 LSD stamps, Kochi, News, Local News, Arrested, Drugs, Engineering Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia