സ്വപ്‌നപദ്ധതി സ്വപ്‌നം മാത്രമാകുമോ?; കെ റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണുന്നു

 


തിരുവനന്തപുരം: (www.kvartha.com 04.02.2022) ശബരിമല സമരത്തിന് പിന്നാലെ കെ റെയില്‍ സര്‍കാരിനെതിരെ ആയുധമാക്കാനും അതുവഴി സുവര്‍ണാവസരം നേടിയെടുക്കാനും സംസ്ഥാന ബിജെപി നേതൃത്വം. രണ്ടാം പിണറായി സര്‍കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന്റെ വിശദ പദ്ധതി രേഖ (ഡിപിആര്‍) പൂര്‍ണമല്ലെന്നും, അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രറെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ബുധനാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെ അന്തിമഅനുമതി ലഭിച്ചിട്ടില്ലെങ്കിലും മുന്നോട്ടുപോകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കി.

സ്വപ്‌നപദ്ധതി സ്വപ്‌നം മാത്രമാകുമോ?; കെ റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണുന്നു

ഇതിന് പിന്നാലെയാണ് സംസ്ഥാന ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ് അടക്കം റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ട് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യർഥിക്കാന്‍ തീരുമാനിച്ചത്. പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിലെല്ലാം വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും ജനരോക്ഷം ശക്തമായതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. തങ്ങളുടെ ഭൂമിയില്‍ കല്ല് സ്ഥാപിച്ച സര്‍കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് സര്‍കാരിന് തിരിച്ചടിയുണ്ടാവുകയും ചെയ്തു. കെ. റെയിലിന്റെ സ്‌റ്റേഷന്‍ പോലുമില്ലാത്ത പത്തനംതിട്ടയില്‍ നിന്ന് പോലും വലിയതോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും.

ഇതെല്ലാം ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നല്‍കരുതെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. അനുമതി ലഭിക്കാതിരുന്നാല്‍ അതുവഴി പാര്‍ടിക്ക് രാഷ്ട്രീയനേട്ടവും ജനപിന്തുണയും ലഭിക്കുമെന്ന് കേന്ദ്രനേതൃത്വത്തെ നേതാക്കള്‍ അറിയിക്കും. ശബരിമല സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ചെറിയരീതിയിലെങ്കിലും മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ അതിന്റെ നേട്ടം ലഭിച്ചെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

കെ റെയിലിന് അനുമതി നല്‍കാതെ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെടും. കേന്ദ്രപദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കിയാല്‍ രാഷ്ട്രീയ ഭേദമന്യേ ജനപിന്തുണ ലഭിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നേമം നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത് പോലെ എ ക്ലാസ് മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിക്കാനാകുമെന്നും വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പലമണ്ഡലങ്ങളിലും ആര് ജയിക്കണമെന്ന് പാര്‍ടിക്ക് തീരുമാനിക്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സംഘത്തില്‍ പി കെ കൃഷ്ണദാസിനെ കൂടാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മെട്രോമാന്‍ ഇ ശ്രീധരന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരുമുണ്ടാകും.

Keywords:  Kerala, Thiruvananthapuram, News, Top-Headlines, BJP, Leaders, Railway, Minister, Government, Pinarayi vijayan, Project, K rail, Political party, State, BJP leaders will meet Railway Minister to demand that dont give permission for K Rail


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia