തിരുവനന്തപുരം: (www.kvartha.com 15.02.2022) സംസ്ഥാനത്ത് ഇനി ചുട്ടുപൊള്ളുന്ന വെയിലത്തും, മഴയത്തും മണിക്കൂറുകള്‍ ക്യൂ നിന്ന് മദ്യം വാങ്ങേണ്ടി വരില്ല. ശീതികരിച്ച വിശാലമായ കടയ്ക്കുള്ളില്‍ ഇഷ്ടമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മടങ്ങാന്‍ കഴിയുന്ന വാക് ഇന്‍ കൗണ്ടറുകളായി സംസ്ഥാനത്തെ മുഴുവന്‍ ഔട്‌ലെറ്റുകളും മാറ്റാനൊരുങ്ങുകയാണ് ബെവ്‌കോ.
ക്യൂ നിന്ന് മദ്യം വാങ്ങുന്ന ഔട്‌ലെറ്റുകള്‍ക്ക് പകരം ഒരു വര്‍ഷത്തിനകം പൂര്‍ണമായും വാക് ഇന്‍ കൗണ്ടറുകളിലേക്ക് മാറാനാണ് ബെവ്‌കോയുടെ തീരുമാനം. പുതിയതായി തുറക്കുന്ന മദ്യ വിതരണ കേന്ദ്രങ്ങളെല്ലാം വാക് ഇന്‍ കൗണ്ടറുകള്‍ മാത്രം മതിയെന്നാണ് തീരുമാനം. 250 പുതിയ മദ്യ വിതരണ കേന്ദ്രങ്ങള്‍കൂടി തുടങ്ങാനാണ് ബെവ്‌കോ അനുമതി ചോദിച്ചിരിക്കുന്നത്.
സര്‍കാര്‍ അനുമതി ലഭിച്ചാല്‍ 250 പുതിയ മദ്യ വിതരണ കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. ജീവക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇപ്പോള്‍ സ്ഥിരപ്പെടുത്തിയ 1000ത്തില്‍ അധികമുള്ള ലേബലിങ് തൊഴിലാളികളെ കൗണ്ടറുകളില്‍ വിനിയോഗിക്കും. ഇതിന് മുന്നോടിയായി ലേബലിങ് ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ടിഫികറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബലിങ് ഇനി അതാത് കമ്പനികള്‍ നിര്‍വഹിക്കണമെന്നും ബെവ്‌കോ ചെയ്യേണ്ടെന്നും നേരത്തെ തീരമാനിച്ചിരുന്നു.
മാത്രമല്ല മദ്യം കൊണ്ടുപോകാന്‍ കഴിയുന്ന ബെവ്‌കോ ബ്രാന്‍ഡ് പേരുള്ള തുണി സഞ്ചികളും എത്തും. പുതിയ മദ്യനയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. നിലവിലുള്ള ഔട്‌ലെറ്റുകളും വാക് ഇന്‍ കൗണ്ടറുകളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സ്ഥലം കണ്ടെത്താനാണ് ശ്രമം.
ഹൈകോടതിയും ഔട്‌ലെറ്റുകള്‍ നിലവിലുള്ള രീതിയില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.