പാലക്കാട്: (www.kvartha.com 09.02.2022) മലമ്പുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാനുള്ള കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. യുവാവിനെ ഉടന്‍ പുറത്തെത്തും. സംഘം ബാബുവിന്റെ തൊട്ടരികില്‍ എത്തിയിട്ടുണ്ട്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദേശം നല്‍കി. ആംബുലന്‍സ് മലയടിവാരത്തില്‍തന്നെ സജ്ജമായിട്ടുണ്ട്.
ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു.
കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ കൂവി. നിന്റെ എനര്‍ജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവര്‍ത്തകര്‍ മറുപടി പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചത്. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമവും തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. കയര്‍ ഉപയോഗിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്.
രാത്രി തന്നെ സേനയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാവിലെ വെളിച്ചം വന്നതോടെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബാബുവിന്റെ ഉമ്മയും കുടുംബാംഗങ്ങളും താഴെ ബേസ് കാമ്പില്‍ ബാബുവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്.