തൃശൂരില്‍ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍; റോഡ് ഉപരോധിക്കുന്നു, വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു
Feb 8, 2022, 09:15 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 08.02.2022) അതിരപ്പിള്ളി കണ്ണന്‍ക്കുഴിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച് ചാലക്കുടി- അതിരപ്പിള്ളി റോഡ് നാട്ടുകാര്‍ ഉപരോധിക്കുന്നു. വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈകില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.
കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിക്കുകയായായിരുന്നു. അപ്പോഴേക്കും ആഗ്‌നിമിയ മരിച്ചു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഒറ്റയാന്റ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആനയെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.