കൊച്ചി: (www.kvartha.com 23.02.2022) കോലഞ്ചേരിയില്‍ ചികിത്സയിലുള്ള രണ്ടരവയസുകാരിയുടെ അവസ്ഥയില്‍ പരസ്യ പ്രതികരണവുമായി ആന്റണി ടിജിന്‍. താന്‍ ഒളിവിലല്ലെന്നും കുമ്പളം സ്വദേശിനിയുടെ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്നും ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഒളിവിലല്ല. ഭക്ഷണം പോലും കഴിക്കാതെ താന്‍ കഷ്ടപ്പെടുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ഇയാള്‍ പറഞ്ഞു.
പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. കുട്ടികളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് താന്‍. കുഞ്ഞിന്റെ അച്ഛന്‍, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ക്രൂശിക്കുകയാണ്. അത് വിശ്വസിച്ചിരിക്കുകയാണ് പാവം ജനങ്ങളും പൊലീസും മാധ്യമങ്ങളും.
ദുര്‍മന്ത്രവാദം ചെയ്ത് ഇവരെ വശത്താക്കി എന്നാണ് ചിലര്‍ പറയുന്നത്. പള്ളിയില്‍ പോയി കുര്‍ബാന കൊള്ളുന്ന ആളാണ്. മന്ത്രവാദിയല്ല, സത്യക്രിസ്ത്യാനിയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് തന്നെക്കുറിച്ചു പറയുന്നതെന്ന് ടിജിന്‍ പറയുന്നു.
കുട്ടിയുടെ അച്ഛന്‍ ആശുപത്രിയില്‍വന്ന് കരച്ചിലും നാടകവും നടത്തുകയാണ്. എന്നിട്ട് എന്തുകൊണ്ടാണ് കുട്ടിയുടെ ആശുപത്രി ബില്‍ പോലും അടയ്ക്കുന്നില്ല എന്ന് പറയണം. കള്ളക്കഥ പറഞ്ഞ് കുടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ കുട്ടിയുടെ അമ്മയും അമ്മൂമ്മയും സ്വര്‍ണം മുഴുവന്‍ പണയം വച്ചാണ് ആശുപത്രി ബില്‍ അടച്ചിരിക്കുന്നത്.
ഇപ്പോള്‍ കുമ്പളത്തെ വീടു വിറ്റു തരണമെന്നാണ് വിളിച്ചു പറഞ്ഞിരിക്കുന്നത്. ഒരിക്കലും കുഞ്ഞിനെ പിച്ചിയിട്ട് പോലുമില്ല. സത്യം എന്നായാലും തെളിയും. തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ അന്ന് കുറ്റപ്പെടുത്തുന്നവര്‍ എന്തു ചെയ്യും? കുഞ്ഞ് ജനലില്‍ കയറി സംഭവിച്ചതാണ് പരുക്കുകളെന്നും ദൈവത്തെ ഓര്‍ത്ത് തന്നെ വിശ്വസിക്കണമെന്നും ആന്റണി വീഡിയോയില്‍ പറയുന്നു.
കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണതാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടന്‍ കാണുമെന്നും ആന്റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.
കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്‌ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആന്റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛന്‍ ചൊവ്വാഴ്ച രംഗത്തെത്തി. കൂടാതെ ആന്റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ മുഴുവന്‍ പൊലീസ് ആന്റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അതേസമയം, ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വൈകിട്ടോടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കാനാകുമെന്നാണ് കരുതുന്നത്. കുഞ്ഞ് ശ്വാസം എടുക്കുന്നതിനുള്ള കഴിവ് വീണ്ടെടുത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ ശ്വാസതടസമുണ്ടായാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നേക്കും. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.