ന്യൂഡെല്‍ഹി: (www.kvartha.com 17.02.2022) അമൃത്സറിലേക്ക് പറന്ന വിസ്താര വിമാനം സാങ്കേതിക തകരാര്‍ മൂലം വ്യാഴാഴ്ച രാവിലെ ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇവിടെ നിന്ന് അമൃത്സറിലേക്ക് പറന്നുയരുമ്പോള്‍ 146 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന ഉടന്‍, പൈലറ്റ് തകരാര്‍ കണ്ടെത്തി, തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തിലെ അധികൃതരുമായി ബന്ധപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 10:15 ന് അടിയന്തര ലാന്‍ഡിംഗുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഭ്യന്തര വിമാനങ്ങള്‍ പോകുന്ന ടെര്‍മിനല്‍ നമ്പര്‍ രണ്ടിന്റെ റണ്‍വേ നമ്പര്‍ 28 ലാണ് അടിയന്ത ലാന്‍ഡിംഗ് നടന്നത്. പൊലീസിന്റെയും അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെയും ടീമുകളും ഈസമയത്ത് സജ്ജമായുണ്ടായിരുന്നു.
അടിയന്തര ലാന്‍ഡിംഗ് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറ് ഫയര്‍ എന്‍ജിനുകള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.