ഇംഫാല്‍: (www.kvartha.com 27.02.2022) മണിപ്പൂരില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്‌ഫോടനം. കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് സാരമായി പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം. ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗാംഗ് പിമുവാല്‍
ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്.
ആറ് വയസുള്ള മാങ്മിന്‍ലാലും 22 വയസുള്ള ലാഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് ആറു വയസ് പ്രായമുള്ള കുട്ടി മരിച്ചത്. പരിക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് മോര്‍ടാര്‍ ഷെലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
യാദൃശ്ചികമായി ഉണ്ടായ സ്‌ഫോടനമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ടാര്‍ ഷെല്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂര്‍ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്‌ഫോടനമുണ്ടാവുന്നത്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക.