ഇടുക്കി: (www.kvartha.com 18.02.2022) രാജകുമാരിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂര്‍ മുന്തലിന് സമീപമാണ് സംഭവം നടന്നത്. കാളവണ്ടിയുടെ പിറകില്‍ ബൈക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരും ബോഡിനായ്ക്കന്നൂരില്‍ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ്.
ബോഡിനായ്ക്കന്നൂരില്‍ അണ്ണാഡിഎംകെയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ഇരുവരും ബൈകില്‍ ബോഡിനായ്ക്കന്നൂര്‍ മൂന്നാര്‍ റോഡിലൂടെ തിരിച്ചുവരുമ്പോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു.