Follow KVARTHA on Google news Follow Us!
ad

യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ; കൊലപാതകം മതവിദ്വേഷ പ്രസംഗത്തിന്റെ പ്രതിഫലനമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്

Young man killed; four arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kvartha.com 19.01.2022) മോടോർ സൈകിളിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച സംഘത്തിൽ നാലുപേരെ ഗഡക് നരഗുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമത്തിൽ നരഗുണ്ട സ്വദേശി സമീർ ശഹപുര (19) കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ശംസീറിന് (19) ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. മല്ലികാർജുന എന്ന മുത്തപ്പ ഹീരെമഠം (27), ചന്നബാസപ്പ എന്ന ചന്നപ്പ ചന്ദ്രശേഖരൻ അക്കി (20), സക്രപ്പ ഹനുമന്തപ്പ കാകനൂർ (19), സഞ്ചു മാരുതി നലവഡി (35) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

 
Young man killed; four arrested



നരഗുണ്ടയിൽ ഹോടെൽ നടത്തുകയായിരുന്നു കൊല്ലപ്പെട്ട സമീർ. തിങ്കളാഴ്ച ഹോടെൽ അടച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ തൊട്ടടുത്ത സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന സുഹൃത്ത് ശംസീറിനേയും ബൈകിൽ കയറ്റി. മല്ലികാർജുനയുടെ നേതൃത്വത്തിൽ എത്തിയ 10-15 അംഗ സംഘമാണ് ബൈക് തടഞ്ഞ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. ഗുരുതര പരുക്കേറ്റ രണ്ടു പേരേയും നാട്ടുകാർ നരഗുണ്ട സർകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമീർ മരിച്ചു. ചികിത്സയിൽ കഴിയുന്ന ശംസീർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

മേഖലയിൽ കഴിഞ്ഞ നവംബർ മുതൽ തുടരുന്ന സാമുദായിക അസ്വാരസ്യങ്ങളുടെ അനുബന്ധമാണ് നരഗുണ്ടയിൽ നടന്ന അക്രമം എന്ന് ഗഡക് ജില്ലാ പൊലീസ് സൂപ്രണ്ട് ശിവപ്രസാദ് ദേവരാജു ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതിയും യുവാവും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ബജ്റംഗ്ദൾ പ്രവർത്തകർ നരഗുണ്ട പൊലീസ് സ്റ്റേഷൻ മാർച് നടത്തിയിരുന്നു. അത് ഉദ്ഘാടനം ചെയ്ത് സഞ്ചു മലവാഡി ചെയ്ത അത്യന്തം വിദ്വേഷജനക പ്രസംഗത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് രാത്രി ഏഴരയോടെ യുവാക്കളെ അക്രമിച്ച സംഭവം എന്നാണ് പൊലീസ് നിഗമനം എന്ന് എസ് പി പറഞ്ഞു.

കൊല്ലപ്പെട്ട യുവാവിന് പ്രണയ പ്രശ്നവുമായി ബന്ധമുള്ളതായി പൊലീസിന് അറിവു ലഭിച്ചിട്ടില്ല. അത്തരം പ്രശ്നങ്ങളുമായി സമീറിന് യാതൊരു ബന്ധവും ഇല്ലെന്ന് സഹോദരൻ മുഹമ്മദ് സുബൈർ പറഞ്ഞു. എന്നാൽ സംഘ്പരിവാർ മുസ്‌ലിം യുവാക്കളെ അക്രമിക്കുന്നത് പതിവാക്കിയിരിക്കയാണെന്നാണ് ആരോപണം. അതേസമയം തങ്ങൾ ഓരോരുത്തരുടെയും വിവര ശേഖരണം തുടരുകയാണെന്ന് ബജ്റംഗ്ദൾ ആൾ ഇൻഡ്യ കോ കൺവീനർ സൂര്യനാരായണ ബുധനാഴ്ച പറഞ്ഞു.

Post a Comment