അട്ടപ്പാടി: (www.kvartha.com 22.01.2022) അട്ടപ്പാടിയിലെ അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള 72 മെഗാവാട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ന് വിളിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
നാലുമാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുന്ന പ്രദേശത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ഭൂമി ആദിവാസി മേഖലയില്‍ ഉള്‍പെട്ടതായതിനാല്‍, പദ്ധതി കാലാവധിയായ 25 വര്‍ഷത്തേക്ക് എന്‍ എച് പി സിക്ക് റൈറ്റ് ടു യൂസ് അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി ലഭ്യമാക്കുന്നത്. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസികള്‍ ഉള്‍പെടെയുള്ള ഭൂവുടമകള്‍ക്ക് ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പ് വരുത്തുന്നരീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
72 മെഗാവാട് ഗ്രിഡിലേക്ക് കടത്തിവിടാന്‍ ആവശ്യമായ 220 കെ വി സബ് സ്റ്റേഷന്റെയും 220 കെ വി ലൈനിന്റെയും പ്രവര്‍ത്തി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പെടുത്തി ചെയ്യാനും കേന്ദ്ര സര്‍കാരിന്റെ ഗ്രീന്‍ കോറിഡോര്‍ ഫന്‍ഡിംഗ് നേടിയെടുക്കാനും ലക്ഷ്യമിടുന്നു.
യോഗത്തില്‍ കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി അശോക് ഐ എ എസ്, പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഐ എ എസ്, പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ എച് പി സി യിലെയും കെ എസ് ഇ ബി എലിലേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Wind farm development in Attappadi, Palakkad, News, Technology, Electricity, Business, Meeting, Kerala.