കണ്ണൂര്‍: (www.kvartha.com 03.01.2022) മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ച സംഭവം പരിശോധിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എ സി പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.
ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം അച്ചടക്ക നടപടിയെടുക്കണമെങ്കില്‍ അതിന്റെ അധികാരപരിധി ഏതാണെന്ന് തീരുമാനിക്കണം. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം.
ഇതിനായി സ്‌പെഷല്‍ ബ്രാഞ്ച് എ സി പിയെ ചുമതലപ്പെടുത്തി. സര്‍കാര്‍ റെയില്‍വേ പൊലീസിലും സമാന്തരമായി അന്വേഷണം നടക്കുകയാണെന്ന് കമീഷണര്‍ വ്യക്തമാക്കി. കേരള പൊലീസില്‍ നിന്ന് ഡെപ്യൂടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥരാണ് സര്‍കാര്‍ റെയില്‍വേ പൊലീസില്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് മാവേലി എക്‌സ്പപ്രസില്‍വച്ച് കേരള റെയില്‍വേ പൊലീസ് എ എസ് ഐ യാത്രക്കാരനെ മര്‍ദിക്കുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നത്. കൃത്യമായ ടികെറ്റില്ലാതെ സ്ലീപെര്‍ കോചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം.
ടികെറ്റ് പരിശോധിക്കേണ്ടത് ടി ടി ഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടികെറ്റ് ചോദിച്ചെത്തി സ്ലീപെര്‍ കംപാര്‍ട്‌മെന്റിലെ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
സ്‌ളീപെര്‍ കംപാര്‍ട്‌മെന്റിലേക്ക് പരിശോധനയുമായെത്തിയ പോലീസുകാരന്‍, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടികെറ്റ് ചോദിച്ചുവെന്നും സ്‌ളീപെര്‍ ടികെറ്റില്ലെന്നും ജനറല്‍ ടികെറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. തുടര്‍ന്ന് കയ്യിലുള്ള ടികെറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടെന്നും ഇതിനായി ഇയാള്‍ ബാഗില്‍ തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂടിട്ട കാലുപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതെന്ന് മറ്റുയാത്രക്കാര്‍ പറഞ്ഞു.