തിരുവനന്തപുരം: (www.kvartha.com 18.01.2022) 21-ാം നൂറ്റാണ്ടിലും ദളിത് വിഭാഗത്തില്‍ പെട്ടവരെ പൊളിറ്റ്ബ്യൂറോയില്‍ ഉള്‍പെടുത്താത്ത സിപിഎമിന്, കോണ്‍ഗ്രസിനെ നയിക്കാന്‍ മതന്യൂനപക്ഷത്തില്‍ നിന്നുള്ള നേതാക്കളില്ലെന്ന് കുറ്റപ്പെടുത്താന്‍ യോഗ്യതയുണ്ടോ?, സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഈ ചോദ്യം ഉയരുന്നത്. കോടിയേരിയുടെ പ്രസ്താവന സിപിഐയും തള്ളി. ജാതിമത പരിഗണനകള്‍ നോക്കിയല്ല നേതാക്കളെ തീരുമാനിക്കുന്നതെന്ന് സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.
കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക് പോകുന്നെന്ന് ചൂണ്ടിക്കാണിക്കാനാണ് കോടിയേരി ശ്രമിച്ചതെന്ന് സഖാക്കള്‍ താത്വിക അവലോകനം നടത്തുന്നുണ്ട്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതും ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ സര്‍കാര്‍ സ്വീകരിച്ച നിലപാടും പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിക്കാത്തതും സിപിഎമിന് തലവേദനയായിരിക്കുകയാണ്. വഖഫ് വിഷയത്തില്‍ അനുനയശ്രമം നടത്തിയെങ്കിലും ഇതുവരെ പരാതിക്കാരുടെ ആശങ്ക അകന്നിട്ടില്ല. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് കോടിയേരി സ്വീകരിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കോടിയേരിയുടെ പ്രസ്താവനയെ ലീഗും എതിര്‍ത്തു.
യുഡിഎഫ് എക്കാലവും മതന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. കെ കരുണാകരന് ശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായവരെല്ലാം ന്യൂനപക്ഷസമുദായത്തിലുള്ളവരാണ്. ഇതൊക്കെ പച്ചവെള്ളംപോലെ കോടിയേരിക്കും അറിയാം. ജയ്പൂര്‍ റാലിയില്‍ രാഹുല്‍ഗാന്ധി ഹിന്ദുത്വ നിലപാട് സ്വീകരിച്ചതിന് ശേഷമാണ് സിപിഎം കോണ്‍ഗ്രസിനെ, ബിജെപിയുടെ ബി ടീമെന്ന് ആക്ഷേപിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ടി മുഖപത്രത്തില്‍ കോടിയേരി ലേഖനവും എഴുതിയിരുന്നു. അതിന് ശേഷമാണ് കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും പ്രാദേശിക പാര്‍ടികളുമായുള്ള സഖ്യമാണ് നല്ലതെന്നും സിപിഎം നിലപാടെടുത്തത്. ഇതിന് വിരുദ്ധമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്.
സിപിഐ നിലപാട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിനെ സഹായിക്കുന്നതാണെന്ന് കോടിയേരി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ സിപിഎം സ്വീകരിക്കുന്ന നിലപാടുകളിലെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് സിപിഐ സ്വീകരിക്കുന്നത്. അത് സിപിഎമിന് രാഷ്ട്രീയമായ തിരിച്ചടിയാണ്. സ്വന്തം മുന്നണിയിലുള്ളവര്‍ക്ക് ദഹിക്കാത്ത അഭിപ്രായങ്ങളും നിലപാടുകളും നിരത്താതെ രാഷ്ട്രീയം പറഞ്ഞ് മുന്നോട്ട് പോകുന്നതാണ് സിപിഎമിനും നല്ലതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: Kerala, Thiruvananthapuram, News, Top-Headlines, Congress, CPM, Religion, Kodiyeri Balakrishnan, Secretary, Comrades, UDF, BJP, Politics, Why CPM alleged that there is no religious minority in the Congress leadership, which does not include dalits in the politburo?