'സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വര്‍ണത്തിന്റെയും കാര്യം പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിക്കുന്നു'; വിവാഹശേഷം വിസ്മയ പറഞ്ഞതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ വിദ്യ

 


കൊല്ലം: (www.kvartha.com 29.01.2022) സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വര്‍ണത്തിന്റെയും കാര്യം പറഞ്ഞ് ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നതായി വിവാഹശേഷം വിസ്മയ പറഞ്ഞതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ വിദ്യ പൊലീസിന് മൊഴി നല്‍കി. വിസ്മയക്കേസിന്റെ വിസ്താരത്തിലാണ് സഹപാഠി ഇക്കാര്യം പറഞ്ഞത്.

'സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വര്‍ണത്തിന്റെയും കാര്യം പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിക്കുന്നു'; വിവാഹശേഷം വിസ്മയ പറഞ്ഞതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ വിദ്യ

സഹോദരന്‍ വിജിത്തിന്റെ വിവാഹത്തിന് കണ്ടപ്പോള്‍ ബാക്കി സ്ത്രീധനം ലഭിച്ച ശേഷം മാത്രമേ കിരണ്‍ കൊണ്ടുപോകൂ എന്ന് പറഞ്ഞ് വീട്ടില്‍ നിര്‍ത്തിയതായി വിസ്മയ പറഞ്ഞിരുന്നു. കിരണിന്റെ മുന്നില്‍ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുതുടങ്ങിയെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ സഹായിക്കണമെന്നും വിസ്മയ അഭ്യര്‍ഥിച്ചതായും സഹപാഠിയുടെ മൊഴിയില്‍ പറയുന്നു. സംസാരം ഉള്‍പെട്ട ഫോണും സംഭാഷണവും കോടതിയില്‍ തിരിച്ചറിഞ്ഞു.

വിസ്മയ കരഞ്ഞുകൊണ്ട് വീട്ടുമുറ്റത്തേക്ക് കയറിവന്നുവെന്ന് കിഴക്കേ കല്ലട സ്വദേശി ഷൈല മൊഴി നല്‍കി. കൊല്ലത്തുനിന്ന് തിരികെ വരുന്ന വഴി കാറിന്റെ കാര്യം പറഞ്ഞ് ഉപദ്രവിച്ചെന്ന് വിസ്മയ പറഞ്ഞിരുന്നു. വിസ്മയ പിതാവിനെ ഫോണില്‍ വിളിച്ചെന്നും പിന്നീട്, കിരണ്‍ വിളിച്ചുകൊണ്ടുപോയെന്നും ഷൈലയുടെ മൊഴിയില്‍ പറയുന്നു.

2021 ഫെബ്രുവരി 26ന് വിസ്മയ ഫേസ്ബുക് വഴി ബന്ധപ്പെട്ടതായി മോടിവേഷനല്‍ സ്പീകറായ നിപിന്‍ നിരാവത്ത് മൊഴി നല്‍കി. ഗൂഗിള്‍ മീറ്റ് വഴിയാണ് സംസാരിച്ചത്. പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് ആദ്യം പറഞ്ഞതെങ്കിലും കാരണം അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുള്ള സ്ത്രീധനത്തിനുവേണ്ടിയുള്ള പീഡനമാണെന്ന് മനസ്സിലാക്കി. പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ കിരണിനെ ഇഷ്ടമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ക്ലിനികല്‍ സൈകോളജിസ്റ്റിനെ കണ്‍സള്‍ട് ചെയ്യാന്‍ നമ്പര്‍ നല്‍കിയതായും നിരാവത്തിന്റെ മൊഴിയില്‍ പറയുന്നു.

വിവാഹശേഷം തന്നെ പോലും വിളിക്കാന്‍ വിസ്മയയെ കിരണ്‍ അനുവദിക്കാറില്ലായിരുന്നുവെന്നാണ് ഹോസ്റ്റെല്‍ വാര്‍ഡന്‍ ഇന്ദിര പറഞ്ഞത്. 2021 ജൂണ്‍ ഏഴിന് അവസാനമായി സംസാരിച്ചപ്പോള്‍ കിരണിന്റെ വീട്ടില്‍ നില്‍ക്കുന്നത് ജീവനുതന്നെ ആപത്താണെന്ന് പറഞ്ഞു.

വിസ്മയയുടെ സമീപവാസിയായ സാബുജാന്‍ ജനുവരി മൂന്നിന് രാത്രി ഒരുമണി കഴിഞ്ഞ് ശബ്ദം കേട്ട് നോക്കിയപ്പോള്‍ കിരണ്‍ കാര്‍ വീട്ടില്‍ കൊണ്ടിടുന്നതും സഹോദരന്‍ വിജിത്തിനെ ഉപദ്രവിക്കുന്നതും കണ്ടുവെന്ന മൊഴി നല്‍കി.

നിലമേല്‍ എന്‍ എസ് എസ് കരയോഗം ഭാരവാഹി പ്രേമചന്ദ്രന്‍ വിസ്മയയും കിരണും തമ്മിലുള്ള വിവാഹത്തിന്റെ വിവരങ്ങളടങ്ങിയ രെജിസ്റ്റെര്‍ ഹാജരാക്കി. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കരയോഗത്തില്‍ ചര്‍ച്ചക്ക് വെച്ചിരുന്നെങ്കിലും നടന്നില്ല എന്നാണ് മൊഴി. തിങ്കളാഴ്ച കിരണിന്റെ പിതാവിനെയും ബന്ധുക്കളെയും സാക്ഷികളായി വിസ്തരിക്കും.

Keywords:  Vismaya death case; Witnesses describing abuse, Kollam, News, Trending, Dowry, Police, Court, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia