ആറ്റിങ്ങല്‍: (www.kvartha.com 28.01.2022) ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകക്ക് മുന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം നടത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. അച്ചു കൃഷ്ണയെന്ന 21 കാരനാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് സമീപത്താണ് സംഭവം. ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതികരിച്ചതോടെ പ്രതി അവിടന്ന് ഒഴിഞ്ഞുമാറി. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കുതറി മാറി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. പിന്നീട് സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയെ ആറ്റിങ്ങല്‍ പൊലീസിന് മുന്‍ പരിചയമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച വൈകുന്നേരം മാമത്തിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.